മലപ്പുറം : താനൂർ ബോട്ടപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ച വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. താനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗവുമായിരുന്ന സബറുദ്ദീനാണ് മരിച്ചത്. ഡ്യൂട്ടിക്കിടെയാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മലപ്പുറം എസ്പിയാണ് ഇക്കാര്യം അറിയിച്ചത്.
ലഹരിക്കടത്ത്, മോഷണക്കേസ് ഉൾപ്പെടെയുള്ള കേസന്വേഷണങ്ങളിൽ അദ്ദേഹം ഭാഗമായിരുന്നു. അപകടം നടക്കുന്ന ദിവസവും മയക്കുമരുന്ന് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തൂവൽതീരത്ത് എത്തിയത്. മലപ്പുറം എസ്പിയാണ് ഇക്കാര്യം അറിയിച്ചത്.
വിജനമായ പ്രദേശമായതു കൊണ്ടു തന്നെ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്. അത് പരിശോധിക്കാൻ ബോട്ട് മാർഗം അക്കരയ്ക്ക് കടക്കാനുള്ള യാത്രയിലായിരുന്നിരിക്കാം അപകടം എന്നാണ് നിഗമനം. ബോട്ടിലെ ജീവനക്കാർ ലഹരിയും മറ്റും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാകും ബോട്ടിൽ കയറിയത് എന്ന സാധ്യതയും പോലീസ് പരിശോധിച്ചുവരികയാണ്.
മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് സബറുദ്ദീൻ. മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നത് വരെ മുടി വെട്ടില്ലെന്ന് പ്രഖ്യാപിച്ച സബറുദ്ദീൻ, കള്ളനെ പിടിച്ച ശേഷമാണ് ബാർബർ ഷോപ്പിൽ കാല് കുത്തിയത്.
താനൂർ ബീച്ച് റോഡിലെ മിൽമ ബൂത്തിൽനിന്ന് സ്‌കൂട്ടർ മോഷ്ടിച്ചയാൾ പോലീസിനെ ഏറെ നാൾ വട്ടംകറക്കിയിരുന്നു. കേസന്വേഷണത്തിനിടെ മുടി മുറിക്കാൻ ബാർബർ ഷോപ്പിലെത്തിയ സബറുദ്ദീൻ അവിടെ നിന്ന് മുടി വെട്ടാതെ ഇറങ്ങുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാതെ ഇനി മുടി വെട്ടില്ലെന്നും സഹപ്രവർത്തകരോടു പറഞ്ഞു. തുടർന്ന് പ്രതിയെ പിടികൂടിയതിന് ഇതിനു ശേഷമാണ് സബറുദ്ദീൻ വീണ്ടും ബാർബർ ഷോപ്പിലെത്തിയത്.
Discussion about this post