തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആണ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം. തിരുവനന്തപുരം യൂണിറ്റ് ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ എസ് ആണ് സംഘത്തലവൻ. തിരുവനന്തപുരം യൂണിറ്റ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലെ ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർമാരായ സാഗർ വിഎൻ, അനിൽ കുമാർ എച്ച്, ഡിറ്റക്റ്റീവ് സബ് ഇൻസ്‌പെക്ടർമാരായ അനീഷ് ജെ, ഗോപകുമാർ കെ, ശ്രീകുമാർ ഡി, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ ബിന്ദു വൈ.ബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് ആർ.ബി, ദിവ്യ സി.എം എന്നിവർ സംഘത്തിലുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് സെക്രട്ടറിയേറ്റിലെ നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിൽ തീപിടുത്തം ഉണ്ടായത്. മന്ത്രി പി. രാജീവിന്റെ ഓഫീസിനോട് ചേർന്നായിരുന്നു തീപിടുത്തം. എഐ ക്യാമറ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിലെ തീപിടുത്തം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.
Discussion about this post