കോഴിക്കോട്: താനൂരിലെ അപകടത്തിന് കാരണമായ ബോട്ട് ഓടിച്ച ഡ്രൈവർ പിടിയിൽ. ദിനേശൻ ആണ് അറസ്റ്റിലായത്. താനൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾക്കും ബോട്ടിന്റെ സഹായി രജാനും വേണ്ടിയുള്ള തിരച്ചിൽ പോലീസ് നടത്തുന്നുണ്ടായിരുന്നു. സംഭവം നടന്ന അന്ന് മുതൽ ഇയാൾ ഒളിവിലായിരുന്നു. രാജനും ദിനേശനും ജില്ല വിട്ട് പോയിട്ടില്ലെന്ന് പോലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ഇയാളെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി. ബോട്ട് ഉടമ നാസറിനേയും, നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് നാസറിനെ ഒളിവിൽ പോകാൻ സഹായിച്ചതിന്റെ പേരിൽ പിടികൂടിയത്. ഇവർ താനൂർ സ്വദേശികളാണ്. പൊന്നാനിയിൽ നിന്നാണ് ഇവർ പിടിയിലായത്.
നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ നാട്ടുകാർ കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളെ വിട്ടുകിട്ടാൻ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അതേസമയം ദുരന്തം നടന്ന സ്ഥലം ഇന്ന് മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് രാവിലെ 10.30ന് താനൂരിലെത്തും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.












