ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം പാകിസ്താനിൽ രൂക്ഷമാകുന്നു. ക്വറ്റയിൽ നടന്ന ആക്രമണത്തിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക് ഇൻസാഫ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവയ്ക്കുകയായിരുന്നു. പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുപത് പേർക്ക് പരിക്കേറ്റു. റാവൽപിണ്ടിയിൽ സൈനിക കേന്ദ്രവും പ്രതിഷേധക്കാർ കയ്യേറി.
ഇസ്ലാമാബാദിനും കറാച്ചിക്കും പുറമെ പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. വളരെ നാടകീയമായാണ് ഇസ്ലാമാബാദ് കോടതി പരിസരത്ത് നിന്ന് ഇന്നലെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. കോടതിയുടെ ബയോമെട്രിക് റൂമിൽ ഇരിക്കുമ്പോഴാണ് വാതിലുകൾ തകർത്ത് പാകിസ്താൻ റെയ്‌ഞ്ചേഴ്‌സ് എന്ന അർധ സൈനിക വിഭാഗം ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ തന്നെ ഇത്തരമൊരു പ്രതിഷേധം ഉണ്ടാകുമെന്ന് പാക് ഭരണകൂടത്തിന് ഉറപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അറസ്റ്റിന് പിന്നാലെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
എന്നാൽ ഇസ്ലാമാബാദിൽ ഒതുങ്ങി നിൽക്കാതെ പ്രതിഷേധം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിക്കുകയായിരുന്നു. പാകിസ്താനിലെ പ്രധാന നഗരങ്ങളായ ലാഹോർ, റാവൽപിണ്ടി, കറാച്ചി, ഫൈസലാബാദ്, പെഷവാർ നഗരങ്ങളിലെല്ലാം കനത്ത പ്രതിഷേധമാണ് നടക്കുന്നത്. 20 പേർക്ക് പരിക്കേറ്റുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും നൂറ് കണക്കിന് ആളുകൾക്ക് പരിക്കേറ്റുവെന്നാണ് അനൗദ്യോഗിക വിവരം. സൈന്യവും ഇമ്രാന്റെ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലായാണ് പ്രതിഷേധം ഇപ്പോൾ മാറിയിരിക്കുന്നത്.
ലാഹോറിൽ സൈനിക കമാൻഡോ വസതി ആക്രമിക്കപ്പെട്ടു. റാവൽപിണ്ടിയിലെ സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം ഉണ്ടായി. പെഷവാറിലെ റേഡിയോ പാകിസ്താൻ കേന്ദ്രം ഇമ്രാൻ അനുകൂലികൾ തീ വച്ച് നശിപ്പിച്ചിട്ടുണ്ട്. ഈ ഓഫീസ് പൂർണമായും കത്തി നശിച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രി റാണ സനാവുള്ള ഖാന്റെ വസതിയും ആക്രമിക്കപ്പെട്ടു. ഇന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് വിവരം.
നിരോധനാജ്ഞ നിലനിൽക്കുന്ന ഇസ്ലാമാബാദിൽ എട്ട് മണിക്ക് സമ്മേളിക്കണമെന്ന് പ്രവർത്തകർക്ക് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി പരിസരം വളയണമെന്നും പാർട്ടി പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ഇത് പ്രകാരം ആയിരക്കണക്കിന് ആളുകളാണ് ഇപ്പോൾ നഗരത്തിലേക്ക് വന്ന് കൊണ്ടിരിക്കുന്നത്.
Discussion about this post