ഇസ്ലാമാബാദ്; മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പാകിസ്താൻ തെഹ്രീകെ ഇൻസാഫ്. ഇമ്രാനെ സ്വതന്ത്രനാക്കുന്നത് വരെ രാജ്യവ്യാപകമായി നിലവിലുള്ള രീതിയിൽ തന്നെ പ്രക്ഷോഭം തുടരുമെന്നും പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റ് ശരിവച്ച ഇസ്ലാമാബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമാബാദ് ഹൈക്കോടതി വിധി വിചിത്രമാണെന്നായിരുന്നു ഫവാദിന്റെ വാദം.
അതേസമയം നേതാക്കളോടും അണികളോടും ഇമ്രാനെ പിന്തുണയ്ക്കുന്നവരോടും രാവിലെ എട്ട് മണിക്ക് ഇസ്ലാമാബാദിലെ ജുഡീഷ്യൽ കോംപ്ലക്‌സിൽ എത്തിച്ചേരണമെന്ന് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി പരിസരം വളയുമെന്ന് പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന മേഖലയിലേക്ക് നിലവിൽ പാർട്ടി പ്രവർത്തകർ ഒഴുകിയെത്തുന്നുണ്ട്.
പ്രതിഷേധങ്ങൾക്ക് പിന്നാലെ യൂട്യൂബ്, ട്വിറ്റർ, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾ നിരോധിച്ചിരുന്നു. പിന്നാലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് പൂർണമായി റദ്ദാക്കി. ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്ന് ടെലികോം അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ പല സ്ഥലങ്ങളിലും വ്യാപകമായ ആക്രമണമാണ് അഴിച്ച് വിടുന്നത്. സൈനിക മന്ദിരങ്ങൾ കൊള്ളയടിച്ചും പോലീസ് വാഹനങ്ങൾക്ക് തീയിട്ടുമാണ് പ്രതിഷേധം. ലഹോർ, പെഷാവർ, കറാച്ചി, ഗിൽജിത്, കാരക് തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post