കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയ്ക്കിടെ വനിതാ ഡോക്ടർ മരിച്ച സംഭവം പോലീസിന്റെ സമ്പൂർണ പരാജയം വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതി ആക്രമണം നടത്തുന്നത് തടയാൻ പോലീസിന് സാധിച്ചില്ല. ആഭ്യന്തരവകുപ്പിന്റെ ദയനീയ പരാജയമാണിത്. മയക്കുമരുന്നിന് അടിമയായ പ്രതിയെ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ പോലീസ് സ്വീകരിച്ചില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
ജനങ്ങൾ എങ്ങനെ പുറത്തിറങ്ങും. സംസ്ഥാനത്തെ നിയമസംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. ആശുപത്രിയിൽ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ഇരയെ അപമാനിക്കുകയാണ് ചെയ്തത്. കൊല്ലപ്പെട്ട ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന നിന്ദ്യമാണ്. കൊല്ലപ്പെട്ട യുവ ഡോക്ടർ എക്‌സ്പീരിയൻസ് ഇല്ലാത്തയാളാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞത്? ഈ നീചമായ പ്രസ്താവന ആരോഗ്യമന്ത്രി പിൻവലിക്കണം. അങ്ങേയറ്റം ദൗർഭാഗ്യകരമായ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സർക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ലഹരിമരുന്ന് ഉപയോഗിച്ചയാളെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ സ്വീകരിക്കേണ്ട ഒരു സുരക്ഷാ മുൻകരുതലുകളും പോലീസ് സ്വീകരിച്ചില്ല. ഇവിടുത്തെ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കളരിയും കരാട്ടെയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുള്ളയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഏറ്റവുമധികം അന്വേഷണങ്ങൾക്ക് ഉത്തവിട്ടതിന് ഈ മന്ത്രിയുടെ പേര് ഗിന്നസ് ബുക്കിൽ വരെ വരേണ്ടതാണെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
Discussion about this post