തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ സസ്‌പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്‌പെൻഷൻ. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദന ദാസ് എന്ന ഹൗസ് സർജനെ സന്ദീപ് കുത്തിക്കൊന്നത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നു. തന്നെ ആരോ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ഇയാൾ പോലീസിനെ വിളിച്ചു. രാത്രി ഒരു മണിക്ക് ആദ്യം വിളിച്ചെങ്കിലും പോലീസെത്തിയപ്പോൾ ഇയാളെ കണ്ടില്ല. തുടർന്ന് 3.30 ഓടെ വീണ്ടും ഇയാൾ വിളിച്ചു. പിന്നെയും പോലീസെത്തിയപ്പോഴാണ് വടിയുമായി പരിക്കേറ്റ നിലയിൽ ഇയാളെ മറ്റൊരു വീടിന്റെ മുൻപിൽ കണ്ടത്.
തുടർന്ന് പോലീസ് ജീപ്പിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ഇയാൾ ്അക്രമാസക്തനാകുകയായിരുന്നു. മുറിവ് ഡ്രസ് ചെയ്യാൻ ഉപയോഗിച്ച കത്രിക തട്ടിയെടുത്തായിരുന്നു ഇയാൾ അക്രമം നടത്തിയത്. ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും നാട്ടുകാരെയും കുത്തി പരിക്കേൽപിച്ച ശേഷം ഡോക്ടർ വന്ദനയെയും ആക്രമിക്കുകയായിരുന്നു.
തലയ്ക്കുൾപ്പെടെ 11 തവണയോളം ഇയാൾ വന്ദനയെ കുത്തി. ഗുരുതരമായി പരിക്കേറ്റ വന്ദനയെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. സന്ദീപ് കുറച്ച് നാളായി സ്‌കൂളിൽ പോകാറില്ലായിരുന്നു. ഇയാൾ മദ്യത്തിനും ലഹരിക്കും അടിമയാണെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
ആശുപത്രിയിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി സർക്കാരിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. ഇത് കൂടി കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പെട്ടന്നുളള നടപടി.
Discussion about this post