കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഹൗസ് സർജനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ രക്തപരിശോധന നടത്താൻ വിസമ്മതിച്ച് ഡോക്ടർമാർ. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപുളള നടപടികളുടെ ഭാഗമായിട്ടാണ് രക്ത പരിശോധന നടത്തേണ്ടത്.
ഡോക്ടർമാരുടെ പ്രതിഷേധത്തിന് സാദ്ധ്യതയുളളതിനാൽ സർക്കാർ ആശുപത്രിയിൽ രക്തപരിശോധന നടത്തുന്നതിൽ നിന്ന് പോലീസും പിൻമാറി. രാവിലെയും പ്രതിക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് സന്ദീപിനെ റിമാൻഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് അയച്ചത്. സന്ദീപിന് വേണ്ടി അഭിഭാഷകരും കോടതിയിൽ ഹാജരായില്ല.
രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് സന്ദീപിനെ മാറ്റുമ്പോഴും മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആംബുലൻസ് വളഞ്ഞ് മുദ്രാവാക്യം വിളിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾക്കിടയിൽ നിന്നും സാഹസീകമായിട്ടാണ് പോലീസ് ഇയാളെ പുറത്തേക്ക് കൊണ്ടുപോയത്.
സാധാരണയായി പോലീസ് കസ്റ്റഡിയിലുളള പ്രതികളുടെ രക്ത പരിശോധന അടക്കം സർക്കാർ ആശുപത്രികളിലാണ് നടത്തുന്നത്. ഒടുവിൽ സന്ദീപിനെ സ്വകാര്യ ആശുപത്രിയിൽ രക്തപരിശോധന നടത്തിയ ശേഷം രാത്രിയോടെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു.
ഇവിടെ ജയിൽ മെഡിക്കൽ ഓഫീസറും ഇയാളെ പരിശോധിച്ചു. പിന്നീട് മുറിയിലേക്ക് മാറ്റി. പോലീസ് ഇവിടെ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിൽ പരിക്കുളളതിനാൽ ആശുപത്രി സെല്ലിന് സമീപത്തെ മുറിയിലാണ് സന്ദീപിനെ പ്രവേശിപ്പിച്ചിട്ടുളളത്.
Discussion about this post