ഇസ്ലാമാബാദ്: രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങൾക്കെതിരെയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് അനുകൂലികൾക്കെതിരെയും രൂക്ഷ വിമർശനവുമായി പാകി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളിൽ നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
തീവ്രവാദ പ്രവർത്തനമാണിത്. രാജ്യത്തെ സൈനിക കേന്ദ്രങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾക്കും നേരെയുള്ള ആക്രമങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്നും പ്രതിഷേധക്കാരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും ഷഹബാസ് ഷെരീഫ് പറയുന്നു.
പൊതുസ്വത്തുക്കൾക്ക് നേരെയുള്ള ആക്രമണം രാജ്യത്തിനെതിരെയുള്ള തീവ്രവാദ പ്രവർത്തനമായിട്ടാണ് കണക്കാക്കുന്നത്. നിയമം കയ്യിലെടുക്കുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകും. ഇമ്രാൻ ഖാനും അയാളുടെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫും രാജ്യത്തിനാകെ വലിയ നഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 75 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഇത്തരമൊരു രംഗം കണ്ടിട്ടില്ല.
നിരവധി ജീവനുകൾ അപകടത്തിലായി. ആംബുലൻസുകൾ തീയിട്ട് നശിപ്പിച്ച്. ശത്രുക്കൾ ചെയ്യുന്നത് പോലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു. രാജ്യത്തിന്റെ സംരക്ഷണം എന്ന് പറയുന്നത് നമ്മുടെ ജീവനെക്കാളും വലുതാണ്. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്താൻ ആരേയും അനുവദിക്കില്ല. ഇത്തരം നീചമായ സംഘടിത ആക്രമണങ്ങളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുക തന്നെ ചെയ്യും. ഇമ്രാനെതിരെ എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഷഹബാസ് ഷെരീഫ് പറയുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളായ ഇസ്ലാമാബാദ്, പഞ്ചാബ്, ഖൈബർ പഖ്തൂൻഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. ഇമ്രാന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിൽ ഏഴ് പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരത്തി അഞ്ഞൂറിലധികം ആളുകളാണ് കലാപമുണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്.
Discussion about this post