കൊട്ടാരക്കര; ഡോ.വന്ദനയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. അവസാന നിമിഷങ്ങളിൽ ഉള്ളുലഞ്ഞ കാഴ്ചയാണ് മുട്ടുച്ചിറയിലെ വീട്ടിൽ നിന്ന് കാണാൻ കഴിയുന്നത്. വന്ദനയുടെ മൃതദേഹത്തിനരികിൽ തളർന്നു വീണ അച്ഛനെയും അമ്മയെയും പിടിച്ചു മാറ്റാനാവാതെ പാടുപെടുന്ന ബന്ധുക്കളെ നിറഞ്ഞ കണ്ണുകളോടെ കണ്ടുനിൽക്കാൻ മാത്രമെ ബന്ധുക്കൾക്ക് സാധിച്ചുള്ളു.ഒന്ന് കണ്ണ് തുറക്കാൻ പറ’ എന്നും പറഞ്ഞുകൊണ്ടുള്ള അമ്മയുടെ നിലവിളി ചുറ്റുമുള്ളവർക്കും സഹിക്കാൻ കഴിഞ്ഞില്ല. ഏറെ പാടുപ്പെട്ടാണ് അമ്മയെയും അച്ഛനെയും മൃതദേഹത്തിനരികിൽ നിന്ന് പിടിച്ചു മാറ്റിയത്. മകളെ കെട്ടിപ്പിടിച്ച് കിടന്ന കിടപ്പിൽ നിന്ന് അമ്മ വസന്തകുമാരിയെ വേർപെടുത്താൻ ബന്ധുക്കൾ ഏറെ വിഷമിച്ചു.
ആയിരക്കണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി അവസാന നിമിഷം വരെ മുട്ടുച്ചിറയിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നത്. ആളുകളുടെ തിരക്ക് കാരണം വൈകിയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. കേന്ദ്ര മന്ത്രി വി.മുരളീധരൻ, വി.എൻ.വാസവൻ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് ഡോക്ടർ വന്ദന കുത്തേറ്റ് മരിച്ചത്.
Discussion about this post