കൊച്ചി: കോളനി വിരുദ്ധ പോരാട്ടത്തിൽ എക്കാലവും ഉയർത്തിപ്പിടിക്കാവുന്ന പേരാണ് ടിപ്പു എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഫോർട്ട് കൊച്ചിയിൽ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യവേയാണ് മുഹമ്മദ് റിയാസിന്റെ പരാമർശം.. ജനാധിപത്യ ഇന്ത്യ വിലക്കുകളുടെ നാടായി മാറിയെന്നും റിയാസ് ആരോപിച്ചു. ഇവിടെ ഇപ്പോൾ ടിപ്പു സുൽത്താൻ എന്ന പേരിന് വിലക്കാണ്. ആ പേരാണ് പ്രശ്‌നം റിയാസ് പറഞ്ഞു.
വസ്ത്രം ധരിക്കുന്നതിന് വിലക്കുളള ലോകത്തെ ഏക രാജ്യമാണ് ഇന്ത്യയെന്നും റിയാസ് ആരോപിക്കുന്നു. ഹരിയാനയിലെ ജുനൈദ് എന്ന 16 കാരനെ തലയിൽ വെളളത്തൊപ്പി ധരിച്ചതിനാണ് കൊലപ്പെടുത്തിയെന്ന പഴയ ആരോപണം ചൂണ്ടിക്കാണിച്ചായിരുന്നു റിയാസിന്റെ പരാമർശം.
തൊപ്പി ധരിക്കുന്നവർ എന്തോ അപകടകാരികളാണ് എന്നൊക്കെ തോന്നുന്ന നിലയിലേക്കുളള പ്രചാരണമാണ് നടക്കുന്നത്. എന്നാൽ മറ്റുളളവരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൊപ്പി ധരിക്കുന്നതെന്ന് റിയാസ് അവകാശപ്പെടുന്നു.
ജനാധിപത്യ ഇന്ത്യയിൽ ഇന്ന് ജനാധിപത്യം ഇല്ലാതായി. വിലക്കുകളുടെ ഇന്ത്യയായി മാറുന്നു. ജനാധിപത്യ ഉത്സവങ്ങൾക്ക് (ഡെമോക്രാറ്റിക് ഫെസ്റ്റിവൽ) ഇന്ത്യയിൽ വിലക്കാണ്. വിലക്കുകളുടെ ഇന്ത്യയിൽ എല്ലാത്തിനും വിലക്കാണ്. എന്ത് ഭക്ഷണം കഴിക്കണമെന്നതിന് വിലക്കാണ്. എന്ത് വസ്ത്രം ധരിക്കണമെന്നതിന് വിലക്കാണ്. ആരുമായി സൗഹൃദം പങ്കിടണമെന്നതിനും ഏത് ഭാഷ സംസാരിക്കണമന്നതിനും എന്ത് പഠിക്കണമെന്നതിനും എന്ത് പഠിപ്പിക്കണമെന്നതിനും വിലക്കാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു റിയാസിന്റെ പ്രസംഗം.
Discussion about this post