കൊട്ടാരക്കര; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തിൽ പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ സഹപ്രവർത്തകർ. കേരളത്തിൽ പോലീസുകാർക്ക് നൽകുന്നത് പരേഡിനുളള ട്രെയിനിങ് മാത്രമാണെന്നും ഇത്തരം ഒരു സാഹചര്യം നേരിടാൻ അവർക്ക് കഴിയുന്നില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ആദ്യം വീഴ്ച പറ്റിയത് പോലീസിന്റെ കൈയ്യിൽ നിന്ന് തന്നെയാണെന്ന് വന്ദനയുടെ സഹപ്രവർത്തകർ ചൂണ്ടിക്കാട്ടി. പോലീസുകാർ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടായിരുന്നു. ലഹരിക്ക് അടിമയായ ഒരാളെ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട യാതൊരു മുൻകരുതലും സ്വീകരിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അയാൾ വയലന്റാകാനുളള സാദ്ധ്യത പോലീസുകാർ അറിഞ്ഞിരിക്കേണ്ടതായിരുന്നു. ട്രെയിനിങ് പീരീഡിൽ ഇത്തരം സാഹചര്യങ്ങൾ നേരിടാനുളള ട്രെയിനിങ് പോലീസുകാർക്ക് കൃത്യമായി കൊടുക്കണം. അങ്ങനെയുളളവരെ മാത്രമേ ഇത്തരം സുരക്ഷാകാര്യങ്ങളിൽ നിയോഗിക്കാവൂ.
പോലീസുകാർ സൈനികരെപ്പോലയല്ലേ എന്നാണ് കോടതി ചോദിച്ചത്. പക്ഷെ ഇവിടെ വന്ദനയെ ആക്രമിച്ചപ്പോൾ പോലീസുകാർ ആത്മരക്ഷാർത്ഥം ഓടിയൊളിക്കാൻ നോക്കുകയായിരുന്നുവെന്ന് സഹപ്രവർത്തകർ കുറ്റപ്പെടുത്തി. ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റൊരു ഹൗസ് സർജൻ ആയ ഡോ. ഷിബിൻ ആണ് വന്ദനയെ പ്രതിയിൽ നിന്ന് രക്ഷപെടുത്തിയത്. ഷിബിൻ വന്നപ്പോൾ പ്രതി വന്ദനയെ നിലത്തിട്ട് കുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും വന്ദനയ്ക്ക് ബോധം ഉണ്ടായിരുന്നു.
എന്നാൽ തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞ വന്ദനയെ തോളിലിട്ട് ഷിബിൻ ഓടി അപ്പോഴും പിന്നാലെയെത്തി ഇയാൾ ആക്രമിച്ചു. അതിന് ശേഷം കത്രിക പ്രതി കഴുകി രക്തക്കറ കളഞ്ഞതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഡ്രസിങ് ചെയ്യുന്ന സമയത്ത് പ്രതി വീഡിയോ എടുക്കുന്നു. ഇയാളുടെ കൈയ്യിൽ വിദഗ്ധമായി കത്രിക ഒളിപ്പിച്ച് പിടിക്കുകയായിരുന്നു. അങ്ങനെയുളള ഒരാൾക്ക് ബോധമില്ലെന്ന് എങ്ങനെയാണ് പറയാൻ കഴിയുകയെന്ന് ഡോക്ടർമാർ ചോദിച്ചു.
കേസ് അതിവേഗ കോടതി പരിഗണിക്കണം. എത്രയും വേഗം കേസ് റിപ്പോർട്ട് സമർപ്പിച്ച് ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം. മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പ്രാബല്യത്തിൽ വരാൻ എത്ര വർഷങ്ങളെടുക്കും. ആ കാലയളവിൽ ഡോക്ടർമാർക്ക് ഒരു സംരക്ഷണവും ഇല്ലെന്നാണോയെന്ന് ഇവർ ചോദിച്ചു. പത്ത് കൊല്ലം ജയിലിൽ കിടന്ന് തിന്നു കൊഴുത്തതിന് ശേഷം വിധി വരുന്നത് അംഗീകരിക്കാനാകില്ല. എന്തുകൊണ്ടാണ് വിദേശരാജ്യത്ത് ഇങ്ങനെ സംഭവിക്കാത്തതെന്നും അവിടെ ഇത്തരം കേസുകളിൽ കൃത്യമായ ശിക്ഷ വേഗത്തിൽ ഉറപ്പാക്കുന്നുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
Discussion about this post