കോഴിക്കോട്: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ എലത്തൂർ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യ പ്രകാരമാണ് നടപടി. ഈ മാസം 27 വരെയാണ് ഷാരൂഖ് കസ്റ്റഡിയിൽ തുടരുക.
കാലാവധി അവസാനിച്ചതിനെ തുടർന്ന് ഷാരൂഖിന് ഇന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയാണ് വീണ്ടും കസ്റ്റഡിയിൽ വിട്ടത്. ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ടും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ തീരുമാനം.
എലത്തൂർ തീ വയ്പ്പ് കേസിൽ ഊർജ്ജിത അന്വേഷണം ആണ് എൻഐഎ തുടരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡൽഹിയിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ ഷാരൂഖിനെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
തീവ്ര ഇസ്ലാമിക ചിന്തകൾ വച്ചു പുലർത്തിയിരുന്ന വ്യക്തിയാണ് ഷാരൂഖ് എന്നാണ് വ്യക്തമാകുന്നത്. ഭീകരരായ സാക്കിർ നായിക്, താരിക് ജമീൽ, തൈമു അഹമ്മദ്, ഇസ്രാൻ അഹമ്മദ് എന്നിവരെ സമൂഹമാദ്ധ്യമങ്ങളിൽ ഇയാൾ പിന്തുടരുന്നുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.












