ബംഗലൂരു: കർണാടകയിൽ ഉപയോഗിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ച വോട്ടിംഗ് മെഷീനുകളാണെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് എംപിയും കർണാടകയിൽ കോൺഗ്രസിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാവുമായ രൺദീപ് സിംഗ് സുർജേവാലയാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ വോട്ടിംഗ് മെഷീനുകൾ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയിട്ടില്ലെന്നും കോൺഗ്രസ് നേതാവിന്റെ ആരോപണം അതിശയിപ്പിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കർണാടക തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകൾ എല്ലാം പുതുതായി നിർമിച്ചവയാണ്. ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് ഇവ നിർമിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പരസ്യപ്രചാരണം അവസാനിച്ച ശേഷമായിരുന്നു സുർജേവാല ആരോപണം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.
കർണാടക തിരഞ്ഞെടുപ്പിൽ പുതിയ വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നതെന്ന കാര്യം മാർച്ച് 29 ന് തന്നെ കർണാടകയിലെ തിരഞ്ഞെടുപ്പ് ഓഫീസർ കത്തിലൂടെ കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇതിന് ശേഷവും അനാവശ്യ ആരോപണം ഉന്നയിച്ചതിലെ അതൃപ്തിയും കമ്മീഷൻ രേഖപ്പെടുത്തി.
കോൺഗ്രസിന് തെറ്റായ വിവരം നൽകിയവരെ പൊതുജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം. ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ ഉത്തരവാദിത്വമുളള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലുളള കോൺഗ്രസിന്റെ മതിപ്പിന് കോട്ടം തട്ടാതിരിക്കാൻ അത് സഹായിക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
Discussion about this post