വിവിധ സംസ്‌കാരങ്ങളും പല ചരിത്രങ്ങളും വൈവിധ്യമാർന്ന പ്രകൃതിയും എല്ലാമുള്ള ഒരു രാജ്യമാണ് ഇന്ത്യ. നിരവധി വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇന്ത്യ സന്ദർശിക്കുന്നത്. എന്നാൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീ സഞ്ചാരികൾക്ക് സുരക്ഷിതത്വം വലിയ പ്രശ്‌നം തന്നെയാണ്. എന്നാൽ ഒരു ഭയവും കൂടാതെ യാത്ര ചെയ്യാൻ സാധിക്കുന്ന പല സ്ഥലങ്ങളുമുണ്ട് നമ്മുടെ രാജ്യത്തിൽ. അതിൽ ചില സ്ഥലങ്ങൾ സഞ്ചാരപ്രേമികൾക്കായി പരിചയപ്പെടുത്തുകയാണ് ബ്‌ളോഗറായ ബ്രിന്ദ ഷാ നിർദ്ദേശിക്കുന്നത്.
ഗോവ
പടിഞ്ഞാറേ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന കൊച്ചു സംസ്ഥാനമായ ഗോവ ബീച്ചുകൾ, പോർച്ചുഗീസ് വാസ്തുവിദ്യ, നൈറ്റ് ലൈഫ് എന്നിവക്ക് പേരുകേട്ടതാണ്. ധൂത് സാഗർ വെള്ളച്ചാട്ടം, സ്റ്റേറ്റ് മ്യൂസിയം, ആസാദ് മൈതാൻ എന്നീ സ്ഥലങ്ങൾ ഗോവയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി യാത്രചെയ്യാവുന്ന സ്ഥലമാണ് ഗോവ. വർഷം തോറും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഗോവയിൽ സഹായത്തിനായി ഒരുപാടാളുകൾ ഉണ്ടാകുമെന്നത് വലിയ ആശ്വാസമായിരിക്കും.
ഉദയ്പൂർ
തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂരും ലിസ്റ്റിൽ ഉണ്ട്. രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഉദയ്പൂർ. നിരവധി ക്ഷേത്രങ്ങളും തടാകങ്ങളും കൊണ്ട് മനോഹരമായ നഗരമാണിത്. പിച്ചോള തടാകം, ലേക്ക് പാലസ്, ഫത്തേഹ് സാഗർ തടാകം തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഉദയ്പൂരിൽ ആസ്വദിക്കാനുള്ളത്. ഏതു സമയത്തും സഹായിക്കാൻ തയ്യാറായി നിൽക്കുന്ന പ്രദേശവാസികളാണ് ഈ നാടിന്റെ പ്രത്യേകത.
മൈസൂർ
കർണാടകയിൽ സ്ഥിതി ചെയ്യുന്ന മൈസൂർ, അതിന്റെ സാംസ്‌കാരിക പൈതൃകം കൊണ്ടും മനോഹരമായ സ്ഥലങ്ങൾ കൊണ്ടും തിരക്കേറിയ മാർക്കറ്റുകൾ കൊണ്ടും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്. മൈസൂർ പാലസ്, ചാമുണ്ഡേശ്വരി ക്ഷേത്രം, റെയിൽവേ മ്യൂസിയം എന്നിങ്ങനെ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളാണ് മൈസൂരിന്റെ ആകർഷണം. എളുപ്പത്തിൽ ചെന്നെത്താവുന്ന തരത്തിലുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ യാത്രയെ സഹായിക്കുന്നു.
ഡാർജിലിംഗ്
പശ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന ഹിൽസ്റ്റേഷനാണ് ഡാർജിലിംഗ്. തേയിലത്തോട്ടങ്ങൾ, മനോഹരമായ കാഴ്ചകൾ, ബ്രിട്ടീഷ്‌കാലത്തെ വാസ്തുവിദ്യ എന്നിവയാണ് ഡാർജിലിംഗിനെ പ്രിയങ്കരമാക്കുന്നത്. ലോയ്ഡ് ബൊട്ടാണിക്കൽ ഗാർഡൻ, പീസ് പഗോഡ, ഡിയോലോ ഹിൽ, ഒബ്‌സർവേറ്ററി ഹിൽ വ്യൂ പോയിന്റ് എന്നിവ ഡാർജിലിംഗിന്റെ ആകർഷണങ്ങളിൽ ചിലതാണ്. സമാധാനപരമായ അന്തരീക്ഷവും കുറ്റകൃത്യങ്ങൾ കുറഞ്ഞ മേഖലയും ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്നു.
പോണ്ടിച്ചേരി
മുൻ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയാണ് ലിസ്റ്റിൽ അവസാനത്തെ സ്ഥലം. മനോഹരമായ കടൽത്തീരങ്ങളും, കൊളോണിയൽ വാസ്തുവിദ്യകളും, സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ഏതൊരു വിനോദസഞ്ചാരിയേയും ആകർഷിക്കുന്നതാണ്. മഹാബലിപുരം ഷോർ ടെമ്പിൾ, പുതുച്ചേരി മ്യൂസിയം, പാരഡൈസ് ബീച്ച് എന്നിവ പോണ്ടിച്ചേരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. നഗരപ്രദേശമായതിനാൽ സഞ്ചാരകൾക്ക് എളുപ്പം യാത്രചെയ്യാൻ സാധിക്കുന്നു.
ഇന്ത്യയിൽ നിരവധി മനോഹരങ്ങളായ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ടെങ്കിലും മേൽപ്പറഞ്ഞവ സുരക്ഷിതത്വം ഉള്ളതും ആകർഷണത്വം നിറഞ്ഞതുമായ ഇടങ്ങളിൽ ചിലതാണ്. അപ്പോൾ ബാഗ് പാക്ക് ചെയ്ത് ഇന്ത്യയുടെ ചരിത്രവും പൈതൃകവും ആസ്വദിക്കാൻ ഇറങ്ങാം, ഭയമില്ലാതെ.
Discussion about this post