ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ജയനഗർ മണ്ഡലത്തിൽ വമ്പൻ ട്വിസ്റ്റ്. ആദ്യം വിജയിയായി പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റതായി സ്ഥിരീകരിച്ചു. ബിജെപി സ്ഥാനാർത്ഥി സികെ രാമമൂർത്തി നാടകീയവിജയം നേടി. അഞ്ചാം തവണ വോട്ടെണ്ണിയപ്പോൾ 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാമമൂർത്തി വിജയതിലകം അണിഞ്ഞത്.
ആദ്യം വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡി രാമമൂർത്തിയെക്കാൾ 294 വോട്ട് ലീഡ് നേടിയിരുന്നു. എന്നാൽ ബിജെപി വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെടുകയും വരണാധികാരി അത് അംഗീകരിക്കുകയുമായിരുന്നു. മൂന്നാമത്തെ തവണ എണ്ണിയപ്പോഴാണ് രാമമൂർത്തി 16 വോട്ടിന് മുന്നിലെത്തിയത്. നാലാമത്തെയും അഞ്ചാമത്തയും തവണ വോട്ടെണ്ണിയപ്പോഴും രാമമൂർത്തി 16 വോട്ടിന് മുന്നിലായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രകാരം കോൺഗ്രസിന്റെ സൗമ്യ റെഡ്ഡിക്ക് 57,781 വോട്ടും (47.85 ശതമാനം വോട്ട് വിഹിതം) സി കെ രാമമൂർത്തി 57,797 വോട്ടും നേടി. കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രാമലിംഗയുടെ മകളാണ് സൗമ്യ റെഡ്ഡി.
Discussion about this post