ബാഗ്ലൂർ; നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പോര് മുറുകുന്നു. നേതാക്കളായ ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടേയും അനുയായികൾ തമ്മിൽ സൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും പോരുവിളികൾ നടക്കുകയാണ്. പോര് മുറുകുന്നതിനിടയിൽ തന്റെ ഭാഗം വിശദമാക്കിയിരിക്കുകയാണ് ഡി കെ ശിവകുമാർ.
സിദ്ധരാമയ്യയുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും പലതവണ പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ച് സിദ്ധരാമയ്യയ്‌ക്കൊപ്പം താൻ നിന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇരുഭാഗങ്ങളിൽ നിന്നും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വെറും ഒരു ദിവസം മാത്രമാണ് മണ്ഡലത്തിലെത്തിയതെങ്കിലും വമ്പിച്ച വിജയമാണ് ഡി കെ ശിവകുമാർ നേടിയത്. മല്ലികാർജുൻ ഖാർഗെയുടേയും സോണിയ ഗാന്ധിയുടേയും പിന്തുണയും ശിവകുമാറിനുണ്ട്. എന്നാൽ തന്റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് പ്രചരണ സമയത്ത് വ്യക്തമാക്കിയതിനാൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോർട്ട്. ഭൂരിഭാഗം എംഎൽഎമാരുടേയും രാഹുൽ ഗാന്ധിയുടേയും പിന്തുണ സിദ്ധരാമയ്യയ്ക്കുണ്ട്.
ഇരു നേതാക്കന്മാരുടേയും വസതിക്കു മുന്നിൽ അനുയായികൾ ഭാവി മുഖ്യമന്ത്രി എന്നുള്ള പേരിൽ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ തീരുമാനമെടുക്കുന്നതിനായി ഹൈക്കമാൻഡിന് സമർപ്പിക്കാൻ വൈകുന്നേരം നടക്കുന്ന നിയമസഭ കക്ഷിയോഗത്തിൽ പ്രമേയം പാസാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഇരുവരേയും രണ്ടു ടേം ആയി മുഖ്യമന്ത്രിയാക്കിയോ ഡി കെ ശിവുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയോ പ്രശ്‌നം പരിഹരിക്കാനും ചർച്ചകൾ നടക്കുന്നുണ്ട്. ഛത്തീസ്ഗഢിൽ സമാനമായ സാഹചര്യം ഉണ്ടായതിനാൽ ഇത്തരം ക്രമീകരണങ്ങൾ ഇരു നേതാക്കന്മാരും അംഗീകരിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
Discussion about this post