ന്യൂഡൽഹി : കർണാടക പോലീസ് മേധാവി പ്രവീൺ സൂദ് ഐപിഎസ്സിനെ സിബിഐ ഡയറക്ടറായി നിയമിച്ചതോടെ ലക്ഷ്യമിട്ടത് നടപ്പിലാക്കാൻ കഴിയാതെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡികെ ശിവകുമാർ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സൂദിനെതിരെ നടപടി എടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമാണ് ശിവകുമാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇതിനോടകം ഇറങ്ങിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി , സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവർ അടങ്ങിയ സമിതിയാണ് പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി തിരഞ്ഞെടുത്തത്. 1986 ബാച്ച് ഐപിഎസ് ഓഫീസറായ പ്രവീൺ സൂദ് ഇപ്പോഴത്തെ സിബിഐ ഡയറക്ടറായ സുബോധ് ജെയ്സ്‌വാൾ സ്ഥാനമൊഴിയുന്നതോടെയാണ് ചുമതലയിലെത്തുന്നത്.
ഐ.ഐ.ടി ഡൽഹിയിൽ നിന്ന് ബിരുദം നേടിയതിനു ശേഷമാണ് പ്രവീൺ സൂദ് ഐപിഎസിൽ എത്തുന്നത്. 1989ൽ മൈസൂറിൽ അസിസ്റ്റന്റ് സൂപ്രണ്ട് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1996 ൽ സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ സ്വർണമെഡൽ ലഭിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ മൈസൂർ നഗരത്തിന്റെ കമ്മീഷണർ ആയിരുന്നപ്പോൾ പാക് അനുകൂല ഭീകര സംഘങ്ങളെ ഒതുക്കാൻ നിർണായക പങ്കു വഹിച്ചിരുന്നു.
കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നുവെന്ന് ആരോപിച്ചാണ് സൂദിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡികെ ശിവകുമാർ പരസ്യ പ്രസ്താവന നടത്തിയത്. സൂദിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Discussion about this post