എറണാകുളം: ബോട്ട് വഴി 25,000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. അറസ്റ്റിലായ പാക് പൗരനെ കസ്റ്റഡിയിൽ വാങ്ങും. അതേസമയം എൻസിബിയ്ക്ക് സമാന്തിരമായി എൻഐഎയും സംഭവത്തിൽ അന്വേഷണം നടത്തും.
പാകിസ്താൻ സ്വദേശി സുബൈർ ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എൻസിബി അപേക്ഷ നൽകും. അറസ്റ്റും പ്രാഥമിക ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം സുബൈർ ദെറക്ഷായെ മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കിയിരുന്നു. നിലവിൽ 14 ദിവസത്തെ റിമാൻഡിലാണ് ഇയാൾ.
സുബൈറിന് പുറമേ ആറ് പേർ കൂടി ബോട്ടിൽ ഉണ്ടായിരുന്നു. എൻസിബി- നേവി സംഘം എത്തിയതോടെ ഇവർ ബോട്ട് ഉപേക്ഷിച്ച് രക്ഷപ്പെടുകയാണുണ്ടായത്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
ബോട്ടിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് പുറമേ വൻ ലഹരി ശേഖരം കപ്പൽ വഴി എത്തുന്നതായി എൻസിബിയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. പാകിസ്താനിലെ വൻ ലഹരിമാഫിയയായ ഹാജി ഗ്രൂപ്പ് ആണെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. അതേസമയം സംഭവത്തിൽ തീവ്രവാദ ബന്ധവും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് എൻഐഎയുടെ സമാന്തര അന്വേഷണം.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ സമുദ്രാതിർത്തി വഴി കടത്താൻ ശ്രമിച്ച മാരക ലഹരിമരുന്ന് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ വൻ മൂല്യമുള്ള മെത്താആംഫിറ്റമിനായിരുന്നു പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ 12,000 കോടി രൂപയായിരുന്നു ഇതിന്റെ മൂല്യം. എന്നാൽ യഥാർത്ഥ പരിശോധനയിൽ 25,000 കോടി രൂപ വിലവരുമെന്ന് കണ്ടെത്തുകയായിരുന്നു. ഇറാനിൽ നിന്നുമാണ് മയക്കുമരുന്ന് പാകിസ്താനിലേക്ക് കടത്താൻ ശ്രമിച്ചത്.
Discussion about this post