ന്യൂഡൽഹി : കർണാടകയിലെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലി ചൂടൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ പുതിയ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ശിവകുമാറിന് കൂടുതൽ ഓഫറുകൾ നൽകിക്കൊണ്ടാണ് അനുനയിപ്പിക്കൽ. ശിവകുമാർ നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന ഓഫറാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകൾക്കും പുറമേയാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശം.
പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വീട്ടിൽ വെച്ചാണ് രാഹുൽ ഗാന്ധിയുമായി യോഗം നടക്കുന്നത്. യോഗത്തിൽ കർണാടകയിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും പങ്കെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്ന സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. കർണാടകയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നത നേതാക്കളുമായി ഇവർ ചർച്ച നടത്തും.
നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ കൃത്യമായ തീരുമാനമെടുക്കും. ഇതിന് കാലതാമസമുണ്ടാകില്ലെന്നും നടപടിക്രമങ്ങൾ പിന്തുടരുകയാണെന്നും ഡികെ ശിവകുമാർ പറഞ്ഞു. പാർട്ടി തീരുമാനം എന്തുതന്നെയായാലും പിന്നിൽ കുത്താനോ ബ്ലാക്ക്മെയിൽ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
224 അംഗ കർണാടക നിയമസഭയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുത്തത്.
Discussion about this post