തിരുവനന്തപുരം: ഇക്കുറി കാലവർഷം കേരളത്തിലെത്താൻ ദിവസങ്ങൾ വൈകുമെന്ന് കാലാവസ്ഥാകേന്ദ്രം. കേരളത്തിൽ മൺസൂൺ പെയ്തിറങ്ങാൻ ജൂൺ നാല് വരെ എടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുക.
വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ കുറഞ്ഞ താപനില, മൺസൂണിന് മുൻപ് ദക്ഷിണ ഉപദ്വീപിൽ ലഭിക്കുന്ന മഴയുടെ കൂടിയ അളവ് തുടങ്ങിയ ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കേരളത്തിന് അനുഗ്രഹമായി എത്തുന്ന തെക്കുകിഴക്കൻ മൺസൂണിനെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രം പ്രവചനം നടത്തുന്നത്. കഴിഞ്ഞ വർഷം കാലാവസ്ഥാ കേന്ദ്രം പറഞ്ഞതിലും രണ്ട് ദിവസം വൈകിയാണ് മെയ് 29 ന് മൺസൂൺ ആരംഭിച്ചത്.
2005 മുതൽ മൺസൂണിന്റെ പ്രവചനം ഏറെക്കുറെ കൃത്യമായി സംഭവിക്കാറുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 2015 ൽ മാത്രമാണ് ഇതിന് മാറ്റം വന്നിട്ടുളളതെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ന് മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Discussion about this post