ശ്രീനഗർ: ഇന്ത്യൻ ഏജന്റെന്ന് ആരോപിച്ച് കശ്മീരിലെ മതനേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ 33 വർഷങ്ങൾക്ക് ശേഷം കശ്മീർ പോലീസ് പിടികൂടി. 1990 മെയ് 21 ന് മിർവെയ്‌സ് മൊഹമ്മദ് ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലാണ് ഒളിവിലായിരുന്ന തീവ്രവാദികളെ പിടികൂടിയത്.
ഹൂറിയത് നേതാവ് മിർവെയ്‌സ് ഉമർ ഫാറൂഖിന്റെ പിതാവാണ് മിർവെയ്‌സ് മൊഹമ്മദ് ഫാറൂഖ്. ജമ്മു കശ്മീർ പോലീസും സ്‌റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുമാണ് പ്രതികളെ പിടികൂടിയത്. ജാവെയ്ദ് ഭട്ട്, സഹൂർ അഹമ്മദ് ഭട്ട് എന്നിവരാണ് പിടിയിലായത്. ഓൾ ജമ്മു കശ്മീർ അവാമി ആക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ മിർവെയ്‌സ് മൊഹമ്മദ് ഫാറൂഖിനെ സമാധാന വാദിയെന്നും ഇന്ത്യൻ ഏജന്റെന്നും ആരോപിച്ചാണ് പാകിസ്താൻ തീവ്രവാദികളുടെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തിയത്.
അഞ്ച് പേരായിരുന്നു മൊഹമ്മദ് ഫാറൂഖ് വധത്തിലെ പ്രതികൾ. കേസിലെ പ്രധാന പ്രതി അബ്ദുളള ബംഗാരുവിനെ ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. മറ്റൊരു പ്രതി റഹ്മാൻ ഷിഗാനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പിടിയിലായ ഒരാൾ ജയിൽശിക്ഷ അനുഭവിക്കുകയാണ്. ഇപ്പോൾ പിടികൂടിയ പ്രതികളെയും വിചാരണയ്ക്ക് വിധേയരാക്കി ശിക്ഷ നൽകുമെന്ന് കശ്മീർ പോലീസ് അറിയിച്ചു.
മിർവെയ്‌സ് മൊഹമ്മദ് ഫാറൂഖിന്റെ കിടപ്പുമുറിയിൽ കയറി തോക്കിന്റെ കാഞ്ചിവലിച്ചത് സഹൂർ ആണെന്നും പോലീസ് വെളിപ്പെടുത്തി. സംഭവത്തിന് ശേഷം നേപ്പാളിലും പാകിസ്താനിലും ഒളിവിലായിരുന്നു ഇപ്പോൾ പിടിയിലായ ഇരുവരും. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ഇവർ കശ്മീരിലേക്ക് തിരിച്ചെത്തിയത്. മേൽവിലാസം ഉൾപ്പെടെ മാറ്റി അന്വേഷണ സംഘത്തിന്റെ കണ്ണിൽപെടാതെ കഴിയുകയായിരുന്നു ഇരുവരും.
മിർവെയ്‌സ് മൊഹമ്മദ് ഫാറൂഖിനെ കൊലപ്പെടുത്തുന്നതിന് മുൻപ് അഞ്ച് ഭീകരരും പാകിസ്താനിൽ തീവ്രവാദ പരിശീലനം നേടിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. ശ്രീനഗറിലേക്ക് തിരിച്ചെത്തിയ ശേഷം പാകിസ്താനിൽ നിന്നുളള ഐഎസ്‌ഐ നേതാവിന്റെ നിർദ്ദേശപ്രകാരമാണ് മിർവെയ്‌സ് മൊഹമ്മദ് ഫാറൂഖിനെ വകവരുത്തിയത്.
1990 ജൂൺ 11 നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2009 ൽ കേസിൽ പിടിയിലായ ഏക പ്രതി അയൂബ് ദാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പ്രത്യേക ടാഡ കോടതിയാണ് ശിക്ഷ വിധിച്ചത്.
Discussion about this post