ന്യൂഡൽഹി: ത്രിരാഷ്ട്രപര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും. ഇന്ന് ജപ്പാനിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. മെയ്-19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.അദ്ധ്യക്ഷനായ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഹിരോഷിമയിലെത്തുന്നത്.
സമാധാനം, സുസ്ഥിരത, ആരോഗ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേൽ നടക്കുന്ന വിവിധ സെഷനുകളിൽ അദ്ദേഹം സംസാരിക്കും. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ അടുത്താഴ്ച നടക്കാനിരുന്ന ഈ വർഷത്തെ ക്വാഡ് ഉച്ചകോടി റദ്ദാക്കിയ പശ്ചാത്തലത്തിൽ മോദിയടക്കമുള്ള ക്വാഡ് രാഷ്ട്രത്തലവൻമാരുടെ കൂടിക്കാഴ്ചയും ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കും. ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.
ജപ്പാനിൽ നിന്ന് 22 ന് തിരിക്കുന്ന പ്രധാനമന്ത്രി, രണ്ട് ദിവസത്തെ സന്ദർശനത്തിന് പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിലെത്തും. തിങ്കളാഴ്ച ഫോറം ഫോർ ഇന്ത്യ – പസഫിക് ഐലൻഡ്‌സ് കോഓപ്പറേഷൻ ഉച്ചകോടിയിൽ ( ഇന്ത്യ പസഫിക് ഉച്ചകോടി ) പങ്കെടുക്കും. പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ജെയിംസ് മറാപെ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നരേന്ദ്രമോദിയ്‌ക്കൊപ്പം യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവരും പങ്കെടുക്കും. പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് നരേന്ദ്രമോദി.
തുടർന്ന് തിങ്കളാഴ്ച അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സിഡ്‌നിയിൽ വ്യവസായ മേഖലയിലെ പ്രമുഖരെയും ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യും. ബുധനാഴ്ചയാണ് ഇന്ത്യയിലേക്ക് മടക്കം.
Discussion about this post