കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണ കേസുമായി ബന്ധപ്പെട്ട് വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകരുടെ ഫോൺ അനധികൃതമായി പിടിച്ചെടുത്തതായി പരാതി. പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്ത് കേരളത്തിൽ എത്തിക്കുന്നതിനിടെ വാഹനം പിന്തുടർന്ന് തത്സമയ സംപ്രേഷണം ചെയ്ത മാതൃഭൂമി ചാനൽ സംഘത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഏപ്രിൽ 5 ന് നടന്ന സംഭവത്തിൽ ഏപ്രിൽ 30 നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാസർകോട് ഡിവൈഎസ്പി അബ്ദുൾ റഹിമാന്റെ പരാതിയിലാണ് കേസ്.
മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ റിപ്പോർട്ടർ ഫെലിക്സ്, ക്യാമറാമാൻ ഷാജു ചന്തപ്പുര, ഡ്രൈവർ അസ്ലം എന്നിവരെയാണ് കേസിലെ പ്രതികളെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. മൂന്നു പേരെയും പോലീസ് കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയായിരുന്നു. ഐപിസി 341, 353, 201, 506, 34 എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ക്രൈം നമ്പർ 322/23 എന്ന നമ്പറിലാണ് ചേവായൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാർഗതടസം സൃഷ്ടിക്കുക, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക, തെളിവ് നശിപ്പിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ളത്. ഇവരുടെ പേര് വിവരങ്ങൾ നൽകാതെ കണ്ടാലറിയുന്നവർ എന്നാണ് കേസ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
സംഭവം നടന്ന് 25 ദിവസം വൈകി പരാതി നൽകിയതിന്റെ കാരണമെന്തെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. കേസന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടും പിടിച്ചെടുത്ത ഫോണുകൾ മാദ്ധ്യമപ്രവർത്തകർക്ക് തിരിച്ചു നൽകിയിട്ടുമില്ല, എൻഐഎയ്ക്ക് കൈമാറിയിട്ടുമില്ല.
ഫോണുകൾ പിടിച്ചെടുത്തതു കേസന്വേഷണവുമായി നേരിട്ടു ബന്ധപ്പെട്ടാണെങ്കിൽ തെളിവു കണ്ടെടുക്കൽ മഹസർ സഹിതം ഈ ഫോണുകൾ എൻഐഎയ്ക്കു കൈമാറേണ്ടതാണ്. കേരള പോലീസ് അറിയും മുൻപു പ്രതിയുടെ അറസ്റ്റ് വിവരം മാദ്ധ്യമങ്ങൾക്കു ലഭിച്ചതാണു വാർത്തയുടെ ഉറവിടം കണ്ടെത്താനായി ഫോണുകൾ അനധികൃതമായി പിടിച്ചുവയ്ക്കാൻ കാരണം. തീവ്രവാദ സ്വഭാവമുള്ള കേസിലെ പ്രതിയെ കൊണ്ടുവരുന്നതിൽ പോലീസിനുണ്ടായ വീഴ്ച പുറംലോകം അറിഞ്ഞതിലുള്ള നാണക്കേടാണ് വിലകുറഞ്ഞ ഈ പ്രതികാര നടപടിയിലേക്ക് എത്തിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post