മുംബൈ: രാജ്യദ്രോഹികൾക്കെതിരെ തുറന്നു സംസാരിക്കുന്നതുകൊണ്ട് തനിക്ക് നഷ്ടമായത് 30 മുതൽ 40 കോടി രൂപ വരെയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ഇരുപത്തിയഞ്ചോളം ബ്രാൻഡുകളുടെ പരസ്യങ്ങൾ തനിക്ക് നഷ്ടപ്പെട്ടതായും കങ്കണ തുറന്നു പറഞ്ഞു. ഹിന്ദുയിസത്തിന് വേണ്ടി സംസാരിച്ചതുകൊണ്ടു മാത്രം പല ബ്രാൻഡുകളിൽ നിന്നും താൻ ഒഴിവാക്കപ്പെട്ടു. പക്ഷെ തുറന്നുപറച്ചിൽ തന്റെ സ്വഭാവഗുണമാണെന്നും കങ്കണ പറഞ്ഞു.
യഥാർത്ഥ സ്വാതന്ത്ര്യത്തിനും വിജയത്തിനും വേണ്ടിയാണ് താൻ നിലകൊളളുന്നത്. ചില രാഷ്ട്രീയക്കാർക്കും ദേശവിരുദ്ധർക്കും തുക്കഡേ ഗ്യാങ്ങിനും എതിരെ സംസാരിച്ചതിനും ഹിന്ദുയിസത്തിന് വേണ്ടി നിലകൊണ്ടതിന്റെയും പേരിൽ നഷ്ടമായത് 25 ഓളം ബ്രാൻഡുകളുടെ പരസ്യമാണ്. ചിലയിടത്ത് നിന്ന് ഒറ്റരാത്രി കൊണ്ടാണ് ഒഴിവാക്കപ്പെട്ടത്. പക്ഷെ ഇതൊന്നും തന്നെ ബാധിക്കില്ല. ആ തുറന്നുപറച്ചിലിൽ നിന്ന് തന്നെ തടയാൻ ഇതിനൊന്നും കഴിയില്ലെന്നും താൻ സ്വതന്ത്രയാണന്നും കങ്കണ പറഞ്ഞു.
എനിക്ക് ആവശ്യമുളള കാര്യങ്ങളാണ് ഞാൻ പറയുന്നത്. അതിന്റെ പ്രത്യാഘാതം സാമ്പത്തിക നഷ്ടമാണെങ്കിൽ അങ്ങനെയാകട്ടെ എന്ന ഇലോൺ മസ്‌കിന്റെ വാക്കുകൾ കഴിഞ്ഞ ദിവസം കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതേക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ഇക്കാര്യത്തിൽ താൻ ഇലോൺ മസ്‌കിനെ അഭിനന്ദിക്കുന്നതായി കങ്കണ പറഞ്ഞു. എല്ലാവരും അവരുടെ ദൗർബല്യങ്ങളാണ് പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്. പണക്കാരെങ്കിലും പണത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുന്നുണ്ടല്ലോയെന്നും താരം കൂട്ടിച്ചേർത്തു.
ഭീകരവാദം ഉൾപ്പെടെയുളള പല വിഷയങ്ങളിലും ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തിലുമുൾപ്പെടെ കങ്കണയുടെ അഭിപ്രായങ്ങൾ വലിയ ചർച്ചയായിരുന്നു.
Discussion about this post