അബദ്ധത്തിൽ കമ്മൽ വിഴുങ്ങിയ മൂന്ന് വയസുകാരിയെ മരണപ്പാച്ചിൽ നടത്തി ആശുപത്രിയിലെത്തിച്ച് ആംബുലൻസ് ഡ്രൈവർ. മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിക്കാനായി 110 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് 1 മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് ഡ്രൈവർ ഓടി എത്തിച്ചത്.
കുമളി മുരിക്കടി കാപ്പിക്കാട്ടിൽ മനു-സരിത ദമ്പതികളുടെ മകളാണ് കമ്മൽ വിഴുങ്ങിയത്. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിന് സമീപം അപകടകരമായ അവസ്ഥയിലാണ് കമ്മലെന്ന് കണ്ടെത്തി. ഉടനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പാലായിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ഉടനെ തന്നെ പോലീസും ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും വാഹനത്തിന് വഴിയൊരുക്കി. ഇതാണ് രണ്ട് മണിക്കൂറോളം വേണ്ടിയിരുന്ന യാത്ര ഒരുമണിക്കൂറിലേക്ക് ചുരുക്കിയത്. ടിനി കെ ജോസഫായിരുന്നു ആംബുലൻസ് ഡ്രൈവർ.
ആശുപത്രിയിൽ എത്തിയ ഉടനെ കുഞ്ഞിനെ ഓപ്പറേഷൻ തിയേറ്ററിലെത്തിച്ച് കമ്മൽ പുറത്തെടുത്തു. കുട്ടി സുഖം പ്രാപിച്ച് വരുന്നു.
Discussion about this post