തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കാലവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിലാണ് കാലവർഷം എത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് മുതൽ 23 വരെയാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുക. ഈ സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അടുത്ത മാസം നാലോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
അതേസമയം മഴ ലഭിക്കുമെങ്കിലും സംസ്ഥാനത്ത് ചൂട് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക.
Discussion about this post