ഒരു ഐസ്‌ക്രീം എടുക്കട്ടേ, ഈ ചൂടുകാലത്ത് ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ പിന്നെന്താ, ഒന്നിങ്ങ് എടുത്തോ എന്ന് കണ്ണുംപൂട്ടി ആരും മറുപടി പറയും. പക്ഷേ അങ്ങ് ജപ്പാനില്‍ പോയി ഈ മറുപടി പറയാന്‍ അല്‍പ്പമൊന്ന് പേടിക്കണം. കാരണം, ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള ഐസ്‌ക്രീം പുറത്തിറക്കിയിരിക്കുകയാണ് അവിടെയൊരു ഐസ്‌ക്രീം കമ്പനി. ഒരു ഐസ്‌ക്രീമിന് 8,73,400 ജപ്പാനീസ് യെന്‍ ആണ് വില. അതായത് നമ്മുടെ 5.2 ലക്ഷം രൂപ!
സെല്ലാറ്റോ എന്ന ജാപ്പനീസ് ബ്രാന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും വിലയുള്ള ഐസ്‌ക്രീം പുറത്തിറക്കി ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം പിടിച്ചിരിക്കുന്നത്. വിലപിടിപ്പുള്ളതും അപൂര്‍വ്വവുമായ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളത് കൊണ്ടാണ് ഈ ഐസ്‌ക്രീന് പൊന്നുംവില. കിലോഗ്രാമിന് രണ്ട് ദശലക്ഷം ജാപ്പനീസ് യെന്‍ വില വരുന്ന ഇറ്റലിയിലെ ആല്‍ബയില്‍ നിന്നുള്ള വളരെ അപൂര്‍വ്വമായ വൈറ്റ് ട്രഫിള്‍ ആണ് അതില്‍ പ്രധാനം. പര്‍മിജിയാനോ റെഗ്ഗിയാനോ, സെയ്ക് ലീസ് തുടങ്ങി വിലകൂടിയ മറ്റുചേരുവകളും ഈ ഐസ്‌ക്രീമില്‍ ചേര്‍ത്തിട്ടുണ്ട്.
View this post on Instagram
യൂറോപ്യന്‍, ജാപ്പനീസ് ഐസ്‌ക്രീം ചേരുവകള്‍ ഒന്നിച്ച് ചേര്‍ത്ത് തനതായ ഒരു ഐസ്‌ക്രീം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെലാറ്റോ ഈ ഐസ്‌ക്രീം നിര്‍മ്മിച്ചത്. ഒസാകയിലെ പ്രസിദ്ധ ഫ്യൂഷന്‍ റെസ്റ്റോറന്റായ റിവിയിലെ മുഖ്യ ഷെഫ് ആയ തദയോഷി യമദയുടെ പാചകവൈദഗ്ധ്യമാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ സെലാറ്റോ ഉപയോഗപ്പെടുത്തിയത്.
ഐസ്‌ക്രീമിന്റെ സവിശേഷ സുഗന്ധവും വൈറ്റ് ട്രഫിളും കൊണ്ട് നിങ്ങളുടെ വായും മൂക്കും നിറഞ്ഞുതുളുമ്പുമെന്നാണ് സെലാറ്റോയിലെ രുചിക്കല്‍ വിദഗ്ധര്‍ പറയുന്നത്. പര്‍മിജിയാനോ റെഗ്ഗിയാനോയുടെ പഴങ്ങളുടെ രുചിയും സെയ്ക് ലീസിന്റെ ഫിനിഷിംഗും വളരെ മനോഹരമായ രുചിയനുഭവം നല്‍കുന്നു എന്ന് സെലാറ്റോ വെബ്‌സൈറ്റില്‍ പറയുന്നു. നിരവധി പരീക്ഷണങ്ങള്‍ക്കും തെറ്റുതിരുത്തലുകള്‍ക്കും ശേഷം ഒന്നര വര്‍ഷം കൊണ്ടാണ് കമ്പനി പൂര്‍ണ്ണതൃപ്തി ലഭിക്കുന്ന നിലയിലേക്ക് ഈ ഐസ്‌ക്രീം വികസിപ്പിച്ചെടുത്തതെന്ന് കമ്പനി വക്താവ് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിനോട് പറഞ്ഞു. ഗിന്നസ് അവാര്‍ഡ് കൂടി കിട്ടിയതോടെ തങ്ങളുടെ ഉദ്യമത്തിന് മാറ്റേറിയതായും അദ്ദേഹം പറഞ്ഞു.
ഐസ്‌ക്രീം കൂടാതെ, ഏറ്റവും മികച്ച ചേരുവകള്‍ ഉപയോഗിച്ച് കൊണ്ട് ഷാംപെയിന്‍, കാവിയര്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.













Discussion about this post