കോട്ടയം : കോട്ടയത്ത് വൈഫ് സ്വാപ്പിംഗുമായി ബന്ധപ്പെട്ട പരാതി നൽകിയ യുവതിയെ കൊലപ്പെടുത്താൻ കാരണം പകയെന്ന് പോലീസ്. നേരത്തെ വൈഫ് സ്വാപ്പിംഗുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഇവരുവരും അകന്ന് കഴിയുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് മാസങ്ങളോളം മക്കളോടൊപ്പം മാലത്തുള്ള സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം.
എന്നാൽ അടുത്തിടെ പിണക്കം മാറി ഇവർ വീണ്ടും അടുത്തു. തുടർന്ന് വാടക വീട്ടിലേക്ക് ഒന്നിച്ച് താമസം മാറി. എന്നാൽ വീണ്ടും സുഹൃത്തുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. അതിന് സാധിക്കില്ലെന്ന് യുവതി പറഞ്ഞതോടെ ഭർത്താവിന് പകയായി. ഇതോടെ യുവതി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി.
ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടിലെത്തിയ പ്രതി, കൈയ്യിൽ ഉണ്ടായിരുന്ന ആയുധവുമായി ഭാര്യയെ ആക്രമിക്കുകയായിരുന്നു. കളിക്കാൻ അയൽവീട്ടിൽ പോയ കുട്ടികൾ പത്തരയ്ക്ക് വീട്ടിലെത്തുമ്പോഴാണ് അമ്മയെ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ അയൽവാസിയെ അറിയിച്ചു.
ബഹളം കേട്ട് പരിസരത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും സ്ഥലത്തെത്തി. ഭർത്താവാണ് തന്നെ ആക്രമിച്ചത് എന്ന് യുവതി അയൽക്കാരോട് പറഞ്ഞു. ഇവർ എത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Discussion about this post