ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ജമാ അത്ത് ഇ ഇസ്ലാമി തലവനെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം. സ്‌ഹോബ് മേഖലയിൽ ഒരു റാലിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ജമാ അത്ത് ഇ ഇസ്ലാമി തലവൻ സിറാജുൾ ഹഖ് രക്ഷപെട്ടത്. ഇയാൾക്ക് നിസാര പരിക്കേയുളളൂവെന്നും ഒപ്പമുണ്ടായിരുന്ന ഏഴ് പ്രവർത്തകർക്ക് പരിക്കേറ്റതായും ജമാ അത്ത് ഇ ഇസ്ലാമി നേതൃത്വം വ്യക്തമാക്കി. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
പൊട്ടിത്തെറിച്ച ചാവേർ സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുറെയധികം വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുളള റോഡിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. സിറാജുൾ ഹഖിനെ സ്വീകരിക്കാൻ പ്രവർത്തകർ കൊടികളുമായി നിന്നിരുന്നു. ഇവർക്കിടയിൽ ഉണ്ടായിരുന്ന ചാവേർ ആണ് പൊട്ടിത്തെറിച്ചത്. സിറാജുൾ ഹഖിന്റെ വാഹനത്തിന് സമീപം നിന്ന് പുക ഉയരുന്നതും കാണാം.
സ്ഫോടനം ഉണ്ടായ ഉടനെ പ്രവർത്തകർ ചിതറിയോടി. സിറാജുൾ ഹഖിന്റെ വാഹനം മുൻപോട്ട് നീക്കുകയും ചെയ്തു. സുരക്ഷാ മുന്നറിയിപ്പുകൾ ഒന്നും നൽകിയിരുന്നില്ലെന്ന് ജമാ അത്ത് ഇ ഇസ്ലാമി നേതൃത്വം വ്യക്തമാക്കി. ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന ചില വാഹനങ്ങൾക്കും കേടുപാടുണ്ടായതായി ജമാ അത്ത് ഇ ഇസ്ലാമി വക്താവ് ഖ്വെയ്‌സർ ഷരീഫ് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ ബലൂചിസ്ഥാൻ മുഖ്യമന്ത്രി അബ്ദുൾ ഖുദ്ദൂസ് ബിസഞ്ചോ അപലപിച്ചു.
Discussion about this post