ആണവായുധങ്ങൾ സംഭരിക്കുന്നതിനെതിരെ ചൈനയ്ക്കും ഉത്തരകൊറിയക്കും മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ. ആണവായുധശക്തി ഉയർത്തി തായ്വാനെ ചൈന കീഴടക്കിയേക്കുമെന്ന ആശങ്ക നേരത്തെ ഉയർന്നിരുന്നു. സ്വയംഭരണ അധികാരമുള്ള ഒരു ദ്വീപ് തങ്ങളുടേതാണെന്ന് വരുത്തിത്തീർക്കാനാണ് ചൈന ശ്രമിക്കുന്നത്. അതിന് വേണ്ടി തായ്വാന് ചുറ്റും യുദ്ധവിമാനങ്ങളും കപ്പലുകളും പതിവായി വിന്യസിക്കുകയാണ്. ഇത്തരത്തിൽ നിരവധി ഗൂഢ ഉദ്ദേശങ്ങളോടെ ചൈന അവരുടെ ആണവായുധശേഖരം വർദ്ധിപ്പിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് ജി7 നേതാക്കൾ മുന്നറിയിപ്പ് നൽകിയത്.
”ചൈനയുമായി യോജിച്ച് പ്രവർത്തിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം തന്നെ ചൈനയെക്കുറിച്ചുള്ള മറ്റ് രാജ്യങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനും ഞ്ങ്ങൾ പ്രവർത്തിക്കേണ്ടതായിട്ടുണ്ട്. അമേരിക്കയെ ലക്ഷ്യം വച്ച് ആണവപദ്ധതികളും അതിശക്തമായ മിസൈലുകളും പരീക്ഷിക്കുന്നതിൽ നിന്ന് ഉത്തരകൊറിയ പിന്മാറണമെന്നും” നേതാക്കളുടെ പ്രസ്താവനയിൽ പറയുന്നു. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണ്. അന്താരാഷ്ട്ര ആണവ ഉടമ്പടി പ്രകാരം ഒരു ആണവായുധ രാഷ്ട്രമെന്ന പദവി ഉത്തരകൊറിയക്ക് ലഭിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
ജപ്പാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും ഹിരോഷിമയിൽ എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി നിർണായക തീരുമാനങ്ങളും പ്രതിരോധത്തെ സ്വാധീനിക്കുന്ന ചർച്ചകളിലും പങ്കെടുക്കുന്നതിന് വേണ്ടിയാണ് സെലൻസ്‌കി ഹിരോഷിമയിൽ എത്തുന്നതെന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി സെലൻസ്‌കി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയുള്ള രണ്ട് സെഷനുകളിൽ ആയിരിക്കും സെലൻസ്‌കി പങ്കെടുക്കുന്നത്. റഷ്യൻ ആക്രമണത്തെ തടയാനും പ്രതിരോധിക്കാനുമുള്ള നിർണായക തീരുമാനങ്ങൾ സെലൻസ്‌കി പ്രസ്താവിക്കുമെന്നും അധികൃതർ പറയുന്നു.
Discussion about this post