തിരുവനന്തപുരം : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ടത്തിൽ പ്രിൻസിപ്പാളിനെതിരെ നടപടിയുമായി കേരള സർവകലാശാല. പ്രൊ.ഷൈജുവിനെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് 5 വർഷത്തേക്ക് മാറ്റി നിർത്തുമെന്ന് കേരള സർവകലാശാല വിസി ഡോ.മോഹൻ കുന്നമ്മേൽ അറിയിച്ചു. സർവകലാശാലയെ കബളിപ്പിച്ചതിന് പരാതി കൊടുക്കാനൊരുങ്ങുകയാണ്. ആൾമാറാട്ടം നടത്തിയ യുയുസിയായ വിശാഖിനെതിരെയും പരാതി നൽകും.
പ്രൊഫ. ഷൈജുവിനെ അദ്ധ്യാപക സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്യാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെടാനാണ് തീരുമാനം. പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തും.കോളേജ് തിരഞ്ഞെടുപ്പ് ചെലവുകൾ ഷൈജുവിൽ നിന്ന് ഈടാക്കുമെന്നും സർവകലാശാല വിസി അറിയിച്ചു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളേജുകളിൽ നിന്നും അയച്ച യുയുസി ലിസ്റ്റ് പരിശോധിക്കാനാണ് നീക്കം. മുതിർന്ന ഉദ്യോഗസ്ഥരാകും ഇത് പരിശോധിക്കുക. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ സർവകലാശാലയ്ക്ക് പരിമിതികൾ ഉള്ളതിനാൽ ഇതെല്ലാം പോലീസിന് അന്വേഷിക്കാം.
കോളേജ് തിരഞ്ഞെടുപ്പ് റദ്ദാക്കില്ല. യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നൽകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ത് പരിശോധിച്ച് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും വിസി കൂട്ടിച്ചേർത്തു.












