ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി സ്വന്തം രാജ്യത്ത് തങ്ങൾക്ക് തലവേദന ഉണ്ടാക്കുകയാണെന്ന പരാതിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും. ജപ്പാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു നേതാക്കളുടെ പരാതി പറച്ചിൽ. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം അടുത്ത മാസം പ്രധാനമന്ത്രി യുഎസ് സന്ദർശിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ജനങ്ങൾ ഇടിച്ച് കയറുകയാണെന്ന് ഇരുവരും വ്യക്തമാക്കിയത്.
സിഡ്‌നിയിൽ ഇന്ത്യൻ വംശജരുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ആളുകൾ ഇപ്പോഴും തന്റെ ഓഫീസുമായി ബന്ധപ്പെടുന്നുണ്ടെന്നും ആന്തണി ആൽബനീസ് പറഞ്ഞു. 20,000 പേരെ ഉൾക്കൊള്ളാവുന്ന വേദിയിലെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റ് പോയത്. ഇപ്പോഴും ആളുകൾ ടിക്കറ്റിനായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങേണ്ട സ്ഥിതിയാണെന്നാണ് ജോ ബൈഡൻ പറഞ്ഞത്. ” താങ്കൾ എനിക്ക് വലിയൊരു പ്രശ്‌നം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. വാഷിംഗ്ടണിൽ അടുത്ത മാസം താങ്കൾക്കായി ഞാൻ അത്താഴവിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. രാജ്യുത്തുള്ള എല്ലാവരും ആ വിരുന്നിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നുണ്ട്. ഇപ്പോൾ തന്നെ അതിന്റെ ടിക്കറ്റുകളെല്ലാം വിറ്റ് പോയി. ഞാൻ തമാശ പറയുകയല്ല. എന്റെ ടീം അംഗങ്ങളോട് ചോദിക്കൂ. ചലച്ചിത്ര താരങ്ങളും ബന്ധുജനങ്ങളുമെല്ലാം ടിക്കറ്റ് ചോദിച്ച് വിളിക്കുന്നുണ്ട്. താങ്കൾ അത്രമാത്രം ജനപ്രിയനാണെന്നും” ബൈഡൻ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post