കോഴിക്കോട്: ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ കസ്റ്റഡിയിൽ. അഞ്ച് യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചെറുവണ്ണൂർ സ്വദേശി അശ്വിനെയാണ് പ്രതികൾ മർദ്ദിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപിച്ച് അശ്വിൻ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അശ്വിൻ പരാതിയ്‌ക്കൊപ്പം നൽകിയ വാഹന നമ്പറും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികൾ പിടിയിലായത്. നടുവട്ടം സ്വദേശിയായ മുഹമ്മദ് അജ്മലാണ് അശ്വിനെ ക്രൂരമായി മർദ്ദിച്ചത്. ഇയാൾക്കെതിരെ മാത്രമാണ് സംഭവത്തിൽ കേസ് എടുത്തിരിക്കുന്നത്. മറ്റുള്ളവർക്കെതിരെ പരാതിയില്ലെന്ന് അശ്വിൻ പോലീസിനോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി നഗരമദ്ധ്യത്തിൽ വച്ചായിരുന്നു അശ്വിന് നേരെ ആക്രമണം ഉണ്ടായത്. നഗരത്തിലെ തിയറ്ററിൽ നിന്നും സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അശ്വിൻ. ഇതിനിടെ അഞ്ചംഗ സംഘം യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കണ്ണിറുക്കി കാണിക്കുകയുമായിരുന്നു. ഇത് അശ്വിൻ ചോദ്യം ചെയ്തു. ഇതോടെ അജ്മൽ ബൈക്കിൽ നിന്നും ഇറങ്ങി അശ്വിനെ തല്ലുകയായിരുന്നു.












