തൃശൂർ : നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി രഹസ്യമായി നടത്തിവന്നിരുന്ന അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. ഒഡീഷ സ്വദേശിയായ ഇരുപത്തിയേഴുകാരൻ ധൻപതി നായിക് ആണ് ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അസം, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജൂൺ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനില വാടകക്കെട്ടിടത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളെ മാത്രം ലക്ഷ്യമിട്ട് രഹസ്യമായി ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെവെച്ച് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സർവീസ് പോര എന്ന് പറഞ്ഞ് ധൻപത് നായികും കൂട്ടുകാരും വഴക്കുണ്ടാക്കിയെന്നാണ് വിവരം. പണത്തെച്ചൊല്ലിയുണ്ടായ വാക്കുതർക്കം രൂക്ഷമായതിനെത്തുടർന്ന് പ്രതികൾ ചേർന്ന് ധൻപതി നായിക്കിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിവരം ലഭിച്ചയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയും കെട്ടിടം സീൽ ചെയ്യുകയും ചെയ്തു. നഗരത്തിൽ ഇത്തരമൊരു സംഘം എങ്ങനെയാണ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രവർത്തിച്ചു പോന്നതെന്നതിനെക്കുറിച്ചും ഇതിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തിവരികയാണ്. തൃശൂർ നഗര ഹൃദയത്തിൽ തന്നെ ഇങ്ങനെയൊരു കേന്ദ്രം ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കാലങ്ങളായി പ്രവർത്തിച്ചു വന്നുവെന്ന വാർത്തയുടെ ഞെട്ടലിലാണ് പരിസര വാസികൾ.












