തോക്കും സ്‌ഫോടകവസ്തുക്കളുമായി സ്‌കൂളിലെത്തി വിദ്യാർത്ഥി. അമേരിക്കയിലെ ഫീനിക്‌സിലാണ് സംഭവം. ഈ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മേരിവാലെയിലെ ബോസ്ട്രോം ഹൈസ്‌കൂളിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എആർ-15 സെമി ഓട്ടോമാറ്റിക് റൈഫിളുമായി വിദ്യാർത്ഥിയെ കണ്ടത്. സ്‌കൂൾ അധികൃതർ കുട്ടിയുടെ ബാഗ് തുറന്ന് നടത്തിയ പരിശോധയിൽ ലഞ്ച് ബോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
സ്‌കൂൾ അധികൃതർ ഈ വിവരം ഉടനെ തന്നെ പോലീസിൽ അറിയിച്ചു. സ്‌കൂളിൽ മറ്റാരുടെയെങ്കിലും കൈവശം ഇത്തരത്തിൽ തോക്കുണ്ടോ എന്ന കാര്യമടക്കം അധികൃതർ പരിശോധിച്ചു. നിലവിൽ സ്‌കൂൾ അടച്ചിരിക്കുകയാണ്. 15 വയസ്സുള്ള ആൺകുട്ടി പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്ന് ഫീനിക്‌സ് പോലീസ് വ്യക്തമാക്കി. തോക്ക് കൈവശം വച്ചതിനും, അത് വിദ്യാഭ്യാസ സ്ഥാപനത്തിൽ കൊണ്ടുവന്നതിനുമാണ് കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് കിട്ടിയത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഏറെ സൂക്ഷ്മതയോടെയാണ് പോലീസും വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ഈ മാസം ആദ്യം ടെക്‌സാസ് മാളിൽ നടന്ന കൂട്ട വെടിവയ്പ്പിലും എആർ-15 സെമി ഓട്ടോമാറ്റിക് റൈഫിൾ ആണ് കുറ്റവാളി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
Discussion about this post