ഹൈദരാബാദ്: ഐപിഎസ് ഓഫീസറുടെ കാർ ആക്രമിച്ച കേസിൽ തമിഴ്, തെലുങ്ക് താരം ഡിംപിൾ ഹയാത്തിനും ആൺസുഹൃത്തിനുമെതിരെ കേസ്. ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ ഹെഡ്‌ഗെയുടെ കാറാണ് ഇരുവരും ആക്രമിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ രാഹുൽ താമസിക്കുന്ന അപ്പാർട്‌മെന്റിന് മുന്നിലാണ് കാർ പാർക്ക് ചെയ്തിരുന്നതെന്നാണ് ഡിസിപിയുടെ പരാതിയിൽ പറയുന്നത്.
ഇവിടെ വച്ച് ഈ മാസം 14നായിരുന്നു സംഭവം. സ്ഥിരമായി ഇടുന്ന സ്ഥലത്താണ് കാർ പാർക്ക് ചെയ്തിരുന്നതെന്നും ഡിപിംളും സുഹൃത്തും കാർ പിറകോട്ട് എടുത്തപ്പോൾ മനഃപൂർവ്വം തട്ടിക്കുകയായിരുന്നെന്നും ഡ്രൈവറായ ചേതൻകുമാർ പറയുന്നു. ഇതു കണ്ട ഡ്രൈവർ ചോദ്യം ചെയ്തപ്പോൾ ഡിംപിൾ വീണ്ടും കാറിൽ ചവിട്ടിയതായും പറയുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും രാഹുലിന്റെ ഡ്രൈവർ വ്യക്തമാക്കി.
പിന്നാലെ ചേതൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഡിംപിളിനും സുഹൃത്തിനുമെതിരെ കേസെടുത്തത്. തെലുങ്ക് ചിത്രം ഖിലാഡി, രാമ ബാണം, തമിഴ് ചിത്രങ്ങളായ വീരമേ വാഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്‌റംഗി രേ തുടങ്ങിയ ചിത്രങ്ങളിൽ ഡിപിംൾ വേഷമിട്ടിട്ടുണ്ട്.
Discussion about this post