ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. 19 പ്രതിപക്ഷ പാർട്ടികൾ ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന ഇറക്കി. കോൺഗ്രസ്, ഡിഎംകെ, ആംആദ്മി പാർട്ടി,ശിവസേന-ഉദ്ധവ്,താക്കറെ വിഭാഗം,സമാജ് വാദി പാർട്ടി,ഇടതുപക്ഷ പാർട്ടികൾ,ഝാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് എം, വിസികെ പാർട്ടി,ആർജെഡി,തൃണമൂൽ കോൺഗ്രസ്, എൻസിപി,ജനതാദൾ യുണൈറ്റഡ്,രാഷ്ട്രീയ ജനതാദൾ,മുസ്ലീം ലീഗ്,ആർഎസ്പി,എംഡിഎംകെ, എന്നീ പാർട്ടികൾ ചേർന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.ബിആർഎസ്, ബിജു ജനതാദൾ,വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികൾ ഇത് വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പാർലമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിശദീകരണം. ഭരണഘടനാപരമായ ഔചിത്യത്തിന്റെ ലംഘമാണ് ഇതെന്നും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപിക്കുന്നു. ജനാധിപത്യത്തെ പ്രധാനമന്ത്രി അവഹേളിക്കുന്നു, പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാവില്ല, എന്നിങ്ങനെയാണ് പ്രതിപക്ഷ പാർട്ടികളുടെ കുറ്റപ്പെടുത്തലുകൾ.
വിവാദങ്ങൾ തുടരുമ്പോഴും ലോക്‌സഭ സെക്രട്ടറി ജനറൽ അംഗങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണക്കത്തയച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് ക്ഷണക്കത്തിൽ പറയുന്നു.28ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് പാർലമെന്റിലെ രണ്ട് സഭകളിലേയും എല്ലാ എംപിമാർക്കും ക്ഷണമുണ്ട്. കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാർക്കും കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർക്കും ക്ഷണമുണ്ട്.
2020 ഡിസംബറിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങും കോൺഗ്രസും മറ്റ് നിരവധി പ്രതിപക്ഷ പാർട്ടികളും ബഹിഷ്‌കരിച്ചിരുന്നു.
Discussion about this post