ഹിരോഷിമ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻപിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള സമാധാന പദ്ധതി അവതരിപ്പിച്ച് വ്‌ലോഡിമർ സെലൻസ്‌കി. ഹിരോഷിമയിലെ ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി മോദിക്ക് മുൻപിൽ സമാധാന പദ്ധതി അവതരിപ്പിച്ചത്.
നേരത്തെ അവതരിപ്പിച്ച സമാധാന പദ്ധതികൾ പാളിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് മുൻപിൽ സെലൻസ്‌കി പുതിയ പദ്ധതി അവതരിപ്പിച്ചത്. സെലൻസ്‌കിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. യുക്രെയ്‌നിൽ സമാധാനം പുനസ്ഥാപിക്കാൻ മോദി ഇടപെടണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഇക്കാര്യത്തിലെ നിലപാട് എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുകയാണെന്ന് സെലൻസ്‌കി പറഞ്ഞു. യുക്രെയ്‌നിൽ റഷ്യ നടത്തിയ അധിനിവേശത്തിന് ശേഷം ആദ്യമായിട്ടാണ് മോദിയും സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തിയത്. സമാധാന ശ്രമങ്ങളിൽ പങ്കാളിയാകാൻ മോദിയെ സെലൻസ്‌കി ക്ഷണിച്ചത് നേരത്തെ വാർത്തയായിരുന്നു. നയതന്ത്രമാർഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടാണ് മോദി ആവർത്തിച്ചത്.
പത്ത് പോയിന്റുകളിൽ ഊന്നിയ സമാധാന പദ്ധതി സെലൻസ്‌കി നേരത്തെ ലോക നേതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നു. തടവുകാരെയും നാട് കടത്തിയവരെയും വിട്ടയയ്ക്കുന്നതുൾപ്പെടെയുളള നിർദ്ദേശങ്ങളാണ് സമാധാന പദ്ധതിയിൽ ഉളളത്.
Discussion about this post