പത്തനംതിട്ട; ക്രാഷ് ബാരിയറും സൈൻ ബോർഡും സ്ഥാപിച്ചുവെന്ന് പറഞ്ഞ് കരാറുകാരന് പണം മാറി നൽകിയ സംഭവത്തിൽ രണ്ട് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർക്ക് സസ്‌പെൻഷൻ. പത്തനംതിട്ടയിൽ പൊതുമരാമത്ത് ഡിപ്പാർട്ട്‌മെന്റിലെ റോഡ്‌സ് വിഭാഗം അസി എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു, അസി എൻജിനീയർ അൻജു സലീം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
2019 ലാണ് സംഭവം. പത്തനംതിട്ടയോട് ചേർന്ന കുമ്പഴ -മല്ലപ്പളളി -പ്രമാടം- ളാക്കൂർ റോഡിൽ ക്രാഷ് ബാരിയറും സൈൻ ബോർഡും സ്ഥാപിച്ചുവെന്ന് പറഞ്ഞാണ് ഇവർ പണം തട്ടിയത്. പൊതുമരാമത്തിലെ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ഈ പ്രവൃത്തി നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
നാല് ലക്ഷത്തി എൺപതിനായിരം രൂപയാണ് മാറി നൽകിയത്. സാധാരണ ഇത്തരം കാര്യങ്ങൾ സ്ഥാപിച്ച് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് മെഷർമെന്റ് ഉൾപ്പെടെ ബോധ്യപ്പെട്ടതിന് ശേഷമാണ് പണം നൽകുക. എന്നാൽ ഇവിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മെഷർമെന്റ് എഴുതി നൽകുകയായിരുന്നു. തുടർന്ന് കരാറുകാരന് സർക്കാർ പണവും മാറി നൽകി.
Discussion about this post