എറണാകുളം: എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് നേടിയ ചിലർ സർക്കാർ സർവ്വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കയം കൈക്കൂലി കേസിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള മുനിസിപ്പൽ കോർപ്പറേഷൻ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്നാണ് സർക്കാർ തീരുമാനം. ചിലർ അഴിമതിയുടെ രുചിയറിഞ്ഞവരാണ്. എല്ലാക്കാലവും അവർക്ക് രക്ഷപ്പെട്ട് നടക്കാൻ കഴിയില്ല. പിടിക്കപ്പെട്ടാൽ അതിന്റെതായ പ്രയാസം നേരിടേണ്ടിവരും. ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ല. ചിലർ സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലായിരിക്കാം. എന്നാൽ കൂടെയുള്ളവർ അറിയാതെ അഴിമതി സാധ്യമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങളെ ജീവനക്കാർ ശത്രുക്കളായി കാണരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യംതന്നെ സാക്ഷ്യപ്പെടുത്തിയെങ്കിലും ചിലർ അഴിമതിയുടെ രുചി അറിഞ്ഞവരാണ്. ഒരാൾ വ്യാപകമായി അഴിമതി നടത്തുമ്പോൾ അതേ ഓഫിസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോ? അഴിമതി നടത്തി എല്ലാക്കാലവും രക്ഷപ്പെടാനാകില്ല. അപചയം പൊതുവിൽ അപമാനകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് 2016ൽ പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷവും വലിയ മാറ്റങ്ങൾ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ ജീവനക്കാരിൽ എല്ലാവരും അഴിമതിക്കാരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷവും സത്യസന്ധമായ സർവീസ് ജീവിതം നയിക്കുന്നവരാണ്. എന്നാൽ ഒരു വിഭാഗം തെറ്റായ നടപടികൾ സ്വീകരിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ ഇടപെടണം. അത് അവരെ തിരുത്താനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post