ഹൈദരാബാദ് : കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ കിടന്നുറങ്ങിയ മൂന്ന് വയസുകാരിയുടെ തലയിലൂടെ കാർ കയറിയിറങ്ങി. കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ഷബാദ് മണ്ഡൽ സ്വദേശിയായ കവിതയുടെ(22) മകളായ ലക്ഷ്മിയാണ് മരിച്ചത്. ഹൈദരാബാദിലെ ബാലാജി ആർക്കേഡ് അപാർട്‌മെന്റിലാണ് സംഭവം.
അമ്മ കെട്ടിട നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് മകൾ തൊട്ടടുത്ത കെട്ടിടത്തിൽ വെച്ച് അപകടത്തിൽ പെട്ട് മരിച്ചത്. കർണാടയിൽ നിന്ന് ഉപജീവനമാർഗം തേടി രണ്ട് മക്കളോടൊപ്പം അടുത്തിടെയാണ് കവിത ഹൈദരാബാദിലെത്തിയത്. ഉച്ചയ്ക്ക് കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ച് ജോലി പുനരാരംഭിച്ചു. നിർമ്മാണം നടക്കുന്ന സ്ഥലത്ത് ചൂടി സഹിക്കാനാവാതെ വന്നതോടെ കുട്ടി തൊട്ടടുത്ത ബാലാജി ആർക്കേഡ് അപ്പാർട്‌മെന്റിലെ പാർക്കിംഗ് ഏരിയയിലേക്ക് പോകുകയായിരുന്നു. തുടർന്ന് അവിടെ കിടന്നുറങ്ങി. ഇതിനിടെ പാർക്ക് ചെയ്യാനെത്തിയ എസ് യു വി കാർ കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ ദൃശ്യങ്ങൾ ഇവിടുത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
Discussion about this post