ന്യൂഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നതിനിടെ പരിപാടിയിൽ നിരവധി പാർട്ടികൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. 25 ഓളം രാഷ്ട്രീയ പാർട്ടികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബിജെപിയെ കൂടാതെ, എഐഎഡിഎംകെ, അപ്നാ ദൾ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, ശിവസേനയുടെ ഷിൻഡെ വിഭാഗം, എൻപിപി, എൻപിഎഫ് എന്നിവയുൾപ്പെടെ എൻഡിഎയിലെ നിരവധി കക്ഷികൾ മെയ് 28 ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ബിജു ജനതാദൾ, ടിഡിപി, വൈഎസ്ആർസിപി എന്നിവയുൾപ്പെടെ നിരവധി പാർട്ടികൾ ഉദ്ഘാടന ചടങ്ങിനെത്തും. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ നിന്ന് ശിരോമണി അകാലിദളും ബഹുജൻ സമാജ്വാദി പാർട്ടിയും ജെഡിഎസും പങ്കെടുക്കും. ഇതോടെ പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണ നാടകം തകരുകയാണ്.
ഞായറാഴ്ച രാവിലെ 7.30 മുതൽ പൂജകൾ ആരംഭിക്കും. ഇത് ഒൻപത് മണിവരെ നീണ്ടുനിൽക്കും. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് പൂജകൾ നടക്കുക. പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, ഡെപ്യൂട്ടി ചെയർമാൻ എന്നിവരും ഏതാനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്ഘാടന ചടങ്ങ് ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുമെന്നാണ് സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരം. ചടങ്ങിൽ പാർലമെന്റ് സെൻട്രൽ ഹാളിൽ ചെങ്കോൽ സ്ഥാപിക്കും.
Discussion about this post