കൊല്ലം: കൊല്ലം പുനലൂരിൽ പിങ്ക് പോലീസിന്റെ വാഹനം അടിച്ചു തകർത്തയാൾ പിടിയിൽ. വാഴവിള സ്വദേശി ഹരിലാലാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുവച്ചാണ് ഇയാൾ പോലീസിന്റെ കാർ അടിച്ച് തകർത്തത്.
മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത ഹരിലാലിനോട് സ്ഥലത്ത് നിന്നും മാറി പോകാൻ പിങ്ക് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയത്. റോഡരികിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് പിങ്ക് പോലീസിന്റെ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണ കേസിലും ലഹരി മരുന്ന് കേസിലും അടിപിടി കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഹരിലാലിനെ റിമാൻഡ് ചെയ്തു.
Discussion about this post