ജയ്പൂർ: പരീക്ഷാപേപ്പർ ചോർന്ന സംഭവത്തിൽ ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സച്ചിൻ പൈലറ്റിന്റെ ആവശ്യത്തിനെതിരെ ഒളിയമ്പുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ‘ പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ പ്രശ്‌നങ്ങളുണ്ടായിട്ടില്ല, അതുകൊണ്ട് തന്നെയാണ് അവർ ഇതിനെ കുറിച്ച് സംസാരിക്കുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. പരീക്ഷയെഴുതിയ 26 ലക്ഷം പേർക്ക് നഷ്ടപരിഹാരം നൽകണമെന്നാണോ പറയുന്നത്.
” പേപ്പറുകൾ ചോർന്നു. പക്ഷേ അതിന്റെ പേരിൽ നഷ്ടപരിഹാരം നൽകണമെന്നൊക്കെ പറയുന്നത് ഒരു തരം ബൗദ്ധിക പാപ്പരത്തമാണെന്നും” ഗെഹ്ലോട്ട് പറഞ്ഞു. സച്ചിൻ പൈലറ്റിനെതിരെയാണ് ഗെഹ്ലോട്ടിന്റെ പരാമർശങ്ങളെന്ന് ബിജെപി നേതാക്കളും പരിഹസിച്ചു. ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണം,
രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കണം, മുൻ സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സച്ചിൻ പൈലറ്റ് പ്രതിഷേധസമരം നടത്തുന്നത്. അതേസമയം രാജസ്ഥാൻ കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്ന സാഹചര്യത്തിൽ ഇരു നേതാക്കളേയും ചർച്ചയ്ക്കായി കോൺഗ്രസ് നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
Discussion about this post