ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗിലും കശ്മീരിലെ സമാധാനം കെടുത്തിയ കേസിലും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ. ഡൽഹി ഹൈക്കോടതിയിലാണ് എൻഐഎ ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയത്. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ വധശിക്ഷയാക്കി ഉയർത്തണമെന്നാണ് ആവശ്യം.
ഹൈക്കോടതിയിൽ ജസ്റ്റീസുമാരായ സിദ്ധാർത്ഥ് മൃദുൽ, തൽവന്ത് സിംഗ് എന്നിവരാണ് എൻഐഎ ഹർജിയിൽ വാദം കേൾക്കുക. തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്നാണ് സൂചന. 2002 മെയ് മാസത്തിലാണ് പ്രത്യേക എൻഐഎ കോടതി യാസിൻ മാലിക്കിന് ശിക്ഷ വിധിച്ചത്. വിചാരണ കോടതിയിലും ക്യാപ്പിറ്റൽ പണീഷ്‌മെന്റിനായി എൻഐഎ വാദിച്ചെങ്കിലും ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഐപിസി സെക്ഷൻ 120 ബി, 121, 121 എ തുടങ്ങിയ വകുപ്പുകൾ പ്രകാരവും യുഎപിഎ സെക്ഷൻ 13,15, 17, 18, 20, 38, 39 പ്രകാരവുമാണ് യാസിൻ മാലിക്കിന് ശിക്ഷ വിധിച്ചത്. യുഎപിഎയിലെ മൂന്ന് വകുപ്പുകൾ പ്രകാരം അഞ്ച് വർഷത്തെ തടവ് വീതമാണ് യാസിൻ മാലിക്കിന് വിധിച്ചത്.
സംഘർഷത്തിന്റെ പാത തിരഞ്ഞെടുത്ത് സർക്കാരിന്റെ നല്ല ഉദ്ദേശ്യങ്ങളെ യാസിൻ മാലിക് വഞ്ചിച്ചുവെന്ന് എൻഐഎ കോടതി വിചാരണയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിലല്ലാതെ വധശിക്ഷ നൽകാനാകില്ലെന്നായിരുന്നു വിചാരണ കോടതി വ്യക്തമാക്കിയത്.
ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവാണ് യാസിൻ മാലിക്. 2017 ൽ കശ്മീർ താഴ്‌വരയുടെ സമാധാനം കെടുത്തിയ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. 2019 ലാണ് എൻഐഎ യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്യുന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സലാഹുദ്ദീൻ, റാഷിദ് എൻജിനീർ, ഹാഫിസ് മുഹമ്മദ് സയീദ്, ഷബീർ അഹമ്മദ് ഷാ, സഹൂർ അഹമ്മദ് ഷാ, ഷാഹിദ് ഉൽ ഇസ്ലാം, അൽതാഫ് അഹമ്മദ് ഷാ, നയീം ഖാൻ, ഫറൂഖ് അഹമ്മദ് ധാർ തുടങ്ങിയവർക്കെതിരെയും കേസുകളുണ്ട്.
Discussion about this post