ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് ആശ്വാസമായി ഡൽഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ. ശക്തമായ ഇടിമിന്നലും കാറ്റോടും കൂടിയാണ് മഴ ഡൽഹിയുടെ പല ഭാഗങ്ങളിലും പെയ്തത്. ഇന്നും ഡൽഹിയിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഡൽഹിക്ക് പുറമെ ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
ഡൽഹിയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 30ാം തിയതി വരെ ഡൽഹിയിൽ ഉഷ്ണതരംഗം ഉണ്ടാകില്ലെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. എന്നാൽ മോശം കാലാവസ്ഥ ഡൽഹിയിലെ പല വിമാനസർവ്വീസുകളേയും സാരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം ജൂൺമാസത്തിൽ സാധാരണയിലും കുറവ് മഴ ആയിരിക്കും രാജ്യത്ത് ലഭിക്കുക എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാൻ, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം താപനില സാധാരണയിലും കൂടുതലായിരിക്കും. ആകെ മഴ 92 ശതമാനത്തിൽ താഴെയായിരിക്കും. സാധാരണ ലഭിക്കുന്നതിലും വളരെ കുറവായിരിക്കും ഇത്. കേരളത്തിൽ ജൂൺ നാലിന് കാലവർഷം ആരംഭിക്കുമെന്നും. ഇത് സാധാരണ നിലയിലായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post