ആർഎസ്എസിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രസ്താവനയ്ക്ക് മറുപടിയുമായി കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കുമെന്ന് നളിൻകുമാർ കട്ടീൽ പറഞ്ഞു. “പ്രിയങ്ക് ഖാർഗെ ആർഎസ്എസിനെ നിരോധിക്കുന്നതിനെപ്പറ്റി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് സ്വയംസേവക് ആണ്. നമ്മളെല്ലാവരും ആർഎസ്എസ് സ്വയംസേവകരാണ്.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും നരസിംഹറാവു സർക്കാരുമൊക്കെ ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആർഎസ്എസിനെയോ ബജ്റംഗ് ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകും. ഈ രാജ്യത്തിൻ്റെ ചരിത്രമറിയുന്നത് ഖാർഗെയ്ക്ക് നന്നാവും. പ്രിയങ്ക് ഖാർഗെ തൻ്റെ നാവ് നിയന്ത്രിക്കണം.”- നളിൻ കുമാർ കട്ടീൽ താക്കീത് നൽകി.
ആർഎസ്എസ്, ബജ്റംഗ് ദൾ പോലുള്ള വർഗീയ സംഘടനകളെ നിരോധിക്കാൻ തങ്ങൾക്ക് മടിയില്ലെന്ന കോൺഗ്രസ് മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കുള്ള മറുപടിയുമായാണ് നളിൻ കുമാർ കട്ടീൽ രംഗത്തുവന്നത്.
തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖാർഗെ ആർഎസ്എസിനെ നിരോധിക്കാൻ മടിക്കില്ലെന്ന് അറിയിച്ചത്. രാഷ്ട്രീയ, മത സംഘടനകളിൽ പെട്ട ആരെങ്കിലും കർണാടകയിൽ വർഗീയത പടർത്താൻ ശ്രമിച്ചാൽ, അവരെ നിരോധിക്കാൻ സർക്കാർ മടിക്കില്ല. ആർഎസ്എസ് ആയാലും മറ്റേത് സംഘടനയായാലും ശരി എന്നാണ് ഖാർഗെ പറഞ്ഞത്. വിയോജിപ്പുണ്ടെങ്കിൽ ആർഎസ്എസുകാർ പാകിസ്താനിലേക്ക് പോകട്ടെയെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞിരുന്നു.
Discussion about this post