കോഴിക്കോട്: തിരൂർ സ്വദേശിയും വ്യാപാരിയുമായ സിദ്ദിഖിനെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ ശേഷം ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ച കേസിൽ പ്രതികളുമായി തെളിവെടുത്ത് പോലീസ്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു പ്രതികളുമായി വിവിധയിടങ്ങളിൽ എത്തി അന്വേഷണ സംഘം തെളിവെടുത്തത്.
കേസിലെ പ്രധാന പ്രതിയായ ഷിബിലി സിദ്ദിഖിന്റെ തലയ്ക്ക് അടിയ്ക്കാൻ ഉപയോഗിച്ച ചുറ്റിക, മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ, രക്തം തുടച്ച തുണികൾ, സിദ്ദിഖിൻറെ പേരിലുള്ള എടിഎം കാർഡ് എന്നിവയാണ് കണ്ടെടുത്തത്. കൃത്യം നടത്തിയതിന് പിന്നാലെ തെളിവുകൾ നശിപ്പിക്കുന്നതിനായി ഇവയെല്ലാം ചേരിയമലയിൽ കൊണ്ട് പോയി കളയുകയായിരുന്നു. പ്രതികളുമായി ഇവിടെയെത്തിയാണ് ഇതെല്ലാം പോലീസ് കണ്ടെടുത്തത്.
കേസുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അടുത്ത ദിവസം പ്രതികൾ കൃത്യം നടത്തിയ ഹോട്ടലിലും മറ്റും എത്തി തെളിവെടുക്കുമെന്നാണ് സൂചന. പ്രതികളിൽ നിന്നും ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഹണി ട്രാപ്പിനിടെയാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. സിദ്ദിഖിനെ നഗ്നനനാക്കി ഫോട്ടോയെടുത്ത് ഹണി ട്രാപ്പിൽ കുടുക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ ഇത് സിദ്ദിഖ് ചെറുത്തു. ഇതോടെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ട്രോളി ബാഗിലാക്കി മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ആദ്യം പ്രതികൾ പദ്ധതിയിട്ടത്. എന്നാൽ ഇതിന് കഴിയാതെ വന്നതോടെ മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു.
Discussion about this post