തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ഇരു ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 31 വരെ സംസ്ഥാനത്ത് ഈ കാലാവസ്ഥ തുടർന്നേക്കും. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾക്ക് പുറമേ മറ്റ് ജില്ലകളിലും ശക്തമായ മഴ ലഭിക്കും.
ഉച്ച കഴിഞ്ഞുള്ള മണിക്കൂറിലാണ് മഴയ്ക്ക് കൂടുതൽ സാദ്ധ്യതയുള്ളത്. മഴയ്ക്ക് പുറമേ ശക്തമായ, കാറ്റ് ഇടിമിന്നൽ എന്നിവ ഉണ്ടാകാം. അതിനാൽ ജാഗ്രത പാലിക്കണം. ഇടിമിന്നൽ ഉണ്ടാകുന്ന സമയങ്ങളിൽ വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിർദ്ദേശം. കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടൽ ക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post